VD Satheesan
file image
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി 5 മാസം പൂര്‍ത്തിയാവുമ്പോഴേക്കും വീണ്ടും കടമെടുപ്പിനൊരുങ്ങുന്നു. ഇക്കുറി 1,500 കോടി രൂപയാണ് എടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ മാസം ഇത് രണ്ടാം തവണയാണ് സര്‍ക്കാര്‍ കടമെടുപ്പ് നടത്തുന്നത്. മാസത്തിന്റെ തുടക്കത്തില്‍ 1,800 കോടി കടം എടുത്തിരുന്നു.
ഈ വര്‍ഷം അനുവദിനീയമായതിന്റെ പകുതിയിലധികം കടവും 5 മാസത്തിനിടെ എടുത്തിരുന്നത് നേരത്തെ ചർച്ചയായിരുന്നു. ശമ്പളവും പെന്‍ഷനും അടക്കമുള്ളവ നല്‍കാനാണ് സര്‍ക്കാര്‍ വീണ്ടും കടമെടുക്കുന്നത്. മുബൈയിലാണ് കടപ്പത്രങ്ങളുടെ ലേലം നടക്കുന്നത്. സംസ്ഥാനത്തിന്റെ ധനസ്ഥിതി നല്ല നിലയില്‍ പോകുമ്പോഴും കടമെടുപ്പ് അവസാനിക്കുന്നില്ല എന്നതാണ് പ്രധാനം.
ജിഎസ്ടി വരുമാനം രാജ്യത്ത് എല്ലായിടത്തും വര്‍ധിച്ചതനുസരിച്ച് കേരളത്തിലും വര്‍ധിച്ചിരുന്നു. അത് സാമ്പത്തിക മേഖലയില്‍ വലിയ ഉണര്‍വായിരുന്നു ധനവകുപ്പിന് സൃഷ്ടിച്ചിരുന്നത്. കേന്ദ്രം അനുവദിക്കുന്ന കടമെടുപ്പ് പരിധിയുടെ മുഴുവനും എല്ലാ സര്‍ക്കാരുകളും സാധാരണ എടുക്കാറുണ്ട്. എന്നാല്‍ അവസാന ഘട്ടം എത്തുമ്പോഴാകും കൂടുതല്‍ എടുക്കുക.
മുംബൈയിലെ കടപ്പത്ര ലേലം കൂടി അവസാനിക്കുമ്പോള്‍ ഈ മാസം മാത്രം കേരളം കടം എടുത്തത് 2,300 കോടി രൂപയാകും. ഇതോടെ സംസ്ഥാനത്തിന്റെ ആകെ കടം 35,546.18 കോടിയായി. യുഡിഎഫ് അധികാരത്തിലെത്തിയതോടെ സെപ്റ്റംബറില്‍ മാത്രം 5,800 കോടി രൂപ കടമെടുത്തു. ഒക്റ്റോബറില്‍ 1,000 കോടി രൂപ കടമെടുത്തിരുന്നു. ഈ സാമ്പത്തിക വര്‍ഷം സംസ്ഥാനത്തിന്റെ വായ്പാ പരിധിയായി കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചത് 56,413.06 കോടിയാണ്. 6 മാസം ബാക്കിയുണ്ടെങ്കിലും ഇതിന്റെ 61.37 ശതമാനം ഇതിനകമെടുത്തു.