എസിയോ വലിയ വീടോ ഉള്ളവർ അയോഗ്യർ; ക്ഷേമ പെൻഷൻ മാനദണ്ഡങ്ങളിൽ മാറ്റമില്ലെന്ന് തദ്ദേശവകുപ്പ്
തിരുവനന്തപുരം: താമസിക്കാൻ വലിയ വീടോ വീട്ടിൽ എസിയോ ഉള്ളവർക്ക് ക്ഷേമ പെൻഷന് അർഹതയില്ലെന്ന് വ്യക്തമാക്കി തദ്ദേശ വകുപ്പ്. 2,000 അടി വിസ്തീർണമുള്ള വീടുള്ളവരെയാണ് ആനുകൂല്യത്തിൽ നിന്ന് ഒഴിവാക്കുന്നത്. തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്റ്ററുടെ ഉത്തരവിലാണ് ഇത് സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കുന്നത്. നിലവില് പെന്ഷന് വാങ്ങിക്കൊണ്ടിരിക്കുന്നവര്ക്കും ഈ വ്യവസ്ഥ ബാധകമാണെന്ന് ഉത്തരവിൽ പരാമർശിക്കുന്നു.
പെന്ഷന് നല്കുന്നതില് ഇത്തരക്കാര്ക്ക് യാതൊരുവിധ ഇളവുകളും നല്കാന് സര്ക്കാരിന്റെ പരിഗണനയിലില്ലെന്ന് ഉത്തരവില് വ്യക്തമാക്കുന്നു. അര്ഹതയില്ലാത്ത ഒരാള്ക്ക് പോലും പെന്ഷന് ലഭിക്കുന്നില്ലെന്ന് അതത് തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാര് കര്ശനമായി ഉറപ്പുവരുത്തണെന്നും വീഴ്ച വരുത്തുന്നവര്ക്കെതിരേ കര്ശന നടപടി സ്വീകരിക്കുമെന്നും ഉത്തരവില് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
ക്ഷേമ പെന്ഷന് അര്ഹതാ മാനദണ്ഡങ്ങളില് നിന്ന് എസിയും 1000 സിസിയില് താഴെയുള്ള വാഹനങ്ങളും ഒഴിവാക്കിയെന്ന തരത്തില് കഴിഞ്ഞ ദിവസങ്ങളില് വാര്ത്തകള് പരന്നിരുന്നു. ഇത് വസ്തുതാവിരുദ്ധമാണെന്നും സാമ്പത്തിക സ്ഥിതി ഉള്പ്പെടെയുള്ള ഘടകങ്ങള് വിലയിരുത്തിയാണ് പെന്ഷന് മാനദണ്ഡങ്ങള് നിശ്ചയിച്ചിട്ടുള്ളത്. ഇതില് ഇളവ് അനുവദിക്കുന്ന ആവശ്യം സർക്കാർ തലത്തില് പിന്നീട് പരിഗണിക്കുമെന്നും ഉത്തരവിൽ വിശദീകരിക്കുന്നുണ്ട്.