Kerala

ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓർഡിനൻസ് പ്രാബല്യത്തിൽ

പുതുക്കിയ ഓർഡിനൻസിൽ പാരാമെഡിക്കൽ വിദ്യാർഥികളും ഉൾപ്പെടും.

തിരുവനന്തപുരം: ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓർഡിനൻസിനു ഗവർണറുടെ അംഗീകാരം. 2012ലെ കേരള ആരോഗ്യ രക്ഷാ സേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) ഭേദഗതി ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടതോടെ നിയമം പ്രാബല്യത്തിൽ വന്നു.

ആരോഗ്യപ്രവർത്തകരെ ആക്രമിക്കുകയോ ആക്രമിക്കാൻ പ്രേരിപ്പിക്കുകയോ പ്രചോദനം നൽകുകയോ ചെയ്താൽ 6 മാസത്തിൽ കുറയാതെ അഞ്ച് വർഷം വരെ തടവു ശിക്ഷയും 50,000 രൂപയിൽ കുറയാതെ രണ്ട് ലക്ഷം രൂപ വരെ പിഴ ശിക്ഷയും ലഭിക്കും. ആരോഗ്യ പ്രവർത്തകനെ കഠിനമായ ദേഹോപദ്രവത്തിനു വിധേയനാക്കുകയാണെങ്കിൽ ഒരു വർഷത്തിൽ കുറയാതെ ഏഴ് വർഷം വരെ തടവു ശിക്ഷയും ഒരു ലക്ഷം രൂപയിൽ കുറയാതെ അഞ്ച് ലക്ഷം രൂപ വരെ പിഴയും ലഭിക്കും.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ.വന്ദന ദാസ് രോഗിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തെ തുടർന്നാണ് നിയമം ഭേദഗതി ചെയ്ത് ഓർഡിനൻസ് പുറപ്പെടുവിക്കാൻ തീരുമാനിച്ചത്. നിലവിലുള്ള നിയമത്തിൽ ആരോഗ്യ രക്ഷാ സേവന സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന റജിസ്റ്റർ ചെയ്ത (താൽക്കാലിക റജിസ്‌ട്രേഷൻ ഉൾപ്പെടെയുള്ള) മെഡിക്കൽ പ്രാക്ടീഷനർമാർ, റജിസ്റ്റർ ചെയ്ത നഴ്‌സുമാർ, മെഡിക്കൽ വിദ്യാർഥികൾ, നഴ്സിങ് വിദ്യാർഥികൾ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരാണ് ഉൾപ്പെട്ടിരുന്നത്. പുതുക്കിയ ഓർഡിനൻസിൽ പാരാമെഡിക്കൽ വിദ്യാർഥികളും ഉൾപ്പെടും.

ആരോഗ്യ രക്ഷാ സ്ഥാപനങ്ങളിൽ നിയമിക്കപ്പെട്ടിട്ടുള്ളതും ജോലി ചെയ്തുവരുന്നതുമായ പാരാമെഡിക്കൽ ജീവനക്കാർ, സെക്യൂരിറ്റി ഗാർഡുകൾ, മാനേജീരിയൽ സ്റ്റാഫുകൾ, ആംബുലൻസ് ഡ്രൈവർമാർ, ഹെൽപ്പർമാർ എന്നിവരും കാലാകാലങ്ങളിൽ സർക്കാർ ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം ചെയ്യുന്ന ആരോഗ്യ പ്രവർത്തകരും ഇതിന്‍റെ ഭാഗമാകും.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു