കാലടി സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ നടപടി റദ്ദാക്കി ഹൈക്കോടതി

 
Kerala

കാലടി സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ നടപടി റദ്ദാക്കി ഹൈക്കോടതി

ആറാഴ്ചയ്ക്കകം വിദ്യാർഥികൾക്കായി പുനപ്പരീക്ഷ നടത്താനും കോടതി നിർദേശിച്ചു

Namitha Mohanan

കൊച്ചി: കാലടി സർവകലാശാലയിലെ സമരവുമായി ബന്ധപ്പെട്ട് വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത നടപടി റദ്ദാക്കി ഹൈക്കോടതി. വിഷയവുമായി ബന്ധപ്പെട്ട് സർവകലാശാല നിയോഗിച്ച അന്വേഷണ സമിതി റിപ്പോർട്ട് തള്ളിയ കോടതി സംഭവത്തിൽ വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കോടതി ഉത്തരവോടെ വിദ്യാർഥികൾക്ക് പരീക്ഷയെഴുതാനുള്ള തടസം മാറി.

ആവശ്യമെങ്കിൽ വിദ്യാർഥികൾക്കായി പ്രത്യേക പരീക്ഷ നടത്താമെന്ന് സർവകലാശാല കോടതിയെ അറിയിച്ചിരുന്നു. ആറാഴ്ചയ്ക്കകം പരീക്ഷ നടത്താനാണ് കോടതി നിർദേശം. വിദ്യാർഥികൾക്ക് ക്ലാസുകളിൽ കയറാമെന്നും കോടതി വ്യക്തമാക്കി.

സസ്പെൻഷൻ നിയമപരമല്ലെന്ന് വ്യക്തമാക്കിയ കോടതി സർവകലാശാല സ്വാഭാവിക നീതി നിഷേധിച്ചതായും വിലയിരുത്തി. 84 ദിവസത്തെ സസ്പെൻഷൻ തന്നെ വലിയ ശിക്ഷ‍യാണെന്നും പ്രതിഷേധിക്കാനുള്ള അവകാശം തകർക്കരുതെന്നും കോടതി നിർദേശിച്ചു.

നിലവിലെ അന്വേഷണ റിപ്പോർട്ട് റദ്ദാക്കിയ കോടതി, സർവകലാശാലക്ക് വേണമെങ്കിൽ ഇക്കാര്യത്തിൽ വീണ്ടും അന്വേഷണം നടത്താമെന്ന് വ്യക്തമാക്കി. പുനരന്വേഷണം നടക്കുന്ന കാലയളവിൽ വിദ്യാർഥികളെ സസ്പെൻഡ് ചെയ്യാൻ പാടില്ലെന്നും നിർദേശമുണ്ട്. സർവകലാശാലയെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ് ഹൈക്കോടതിയുടെ നടപടി.