ദത്തുപുത്രരല്ല, മക്കൾ തന്നെ; ഹൈക്കോടതി
കേരള ഹൈക്കോടതി - file image
കൊച്ചി: അനന്തരാവകാശ സർട്ടിഫിക്കറ്റ് അടക്കം സർക്കാർ നൽകുന്ന ഔദ്യോഗിക നിയമരേഖകളിൽ ബന്ധം രേഖപ്പെടുത്തുമ്പോൾ ദത്ത് പുത്രൻ or ദത്ത് പുത്രി എന്ന് പ്രയോഗങ്ങൾ ഒഴിവാക്കണമെന്ന് ഹൈക്കോടതി. ഇത്തരം പ്രയോഗങ്ങൾ പ്രത്യേകമായി ചേർക്കേണ്ടതില്ല. മറിച്ച് മകൻ or മകൾ എന്ന് മാത്രം രേഖപ്പെടുത്തിയാൽ മതിയെന്ന് കോടതി വ്യക്തമാക്കി.
തൃശൂർ സ്വദേശിയുടെ ഹർജിയിലാണ് കോടതി നിർദേശം. തന്‍റെ പിതാവിന്‍റെ മരണശേഷം തഹസിൽദാർ നൽകിയ അനന്തരാവകാശ സർട്ടിഫിക്കറ്റിൽ ബന്ധത്തിന്‍റെ സ്ഥാനത്ത് ദത്ത് പുത്രി എന്ന് രേഖപ്പെടുത്തിയത് ചോദ്യം ചെയ്തായിരുന്നു ഹർജി. മുൻപ് അമ്മയുടെ മരണശേഷം നൽകിയ സർട്ടിഫിക്കറ്റിലും വില്ലേജ് ഓഫിസിൽ നിന്ന് ലഭിച്ച ഫാമിലി മെമ്പർഷിപ്പ് സർട്ടിഫിക്കറ്റിലും മകൾ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഹർജിക്കാരി ചൂണ്ടിക്കാട്ടുന്നു.
വിഷയത്തിൽ വൈകാരികവും വ്യക്തിഗത സ്വകാര്യതയും പരിഗണിച്ച് ഹർജിക്കാരിയുടെ യഥാർഥ പേരിന് പകരം കോടതി അൻമോൾ എന്നാണ് വിധിന്യായത്തിൽ ഉപയോഗിച്ചത്. ദത്തെടുക്കപ്പെട്ട മകൾ എന്ന രേഖപ്പെടുത്തി തൃശൂർ തഹസിൽദാർ നൽകിയ അനന്തരാവകാശ സർട്ടിഫിക്കറ്റ് ഹൈക്കോടതി റദ്ദാക്കി.
1990 ൽ ഒരുമാസം പ്രായമുള്ളപ്പോഴാണ് ഹർജിക്കാരിയെ ദത്തെടുത്തത്. അനന്തരാവകാശ സർട്ടിഫിക്കറ്റിൽ ദത്ത് മകൻ/ മകൾ എന്ന് രേഖപ്പെടുത്താനുള്ള കോളമുണ്ടെന്നും കൃത്യത ഉറപ്പു വരുത്താനാണ് ഇത് രേഖപ്പെടുത്തുന്നതെന്നുമായിരുന്നു റവന്യൂ അധികൃതരുടെ വിശദീകരണം.
എന്നാൽ 1956 ലെ ഹിന്ദു ദത്തെടുക്കലും പരിപാലനവും നിയമത്തിലെ 12-ാം വകുപ്പ് പ്രകാരം ദത്തെടുക്കൽ തീയതി മുതൽ കുട്ടി എല്ലാ കാര്യങ്ങളിലും ദത്തെടുത്ത മാതാപിതാക്കളുടെ കുട്ടിയായി മാറുമെന്ന് കോടതി ചൂണ്ടിക്കാട്ടി. സമൂഹം ഒരു കുട്ടിയെ മാതാപിതാക്കളുടെ യഥാർഥ കുട്ടിയായി കാണുമ്പോൾ രേഖകളിൽ ദത്തെടുത്തതെന്ന വിശേഷണം വേണ്ടെന്ന് കോടതി വ്യക്കമാക്കുകയായിരുന്നു.