എന്തിനാണ് ഇത്ര ദേഷ്യം? കുട്ടികളെ കുട്ടികളായി കാണൂ; കാലടി സർവകലാശാലയ്ക്കെതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

 
Kerala

എന്തിനാണ് ഇത്ര ദേഷ്യം? കുട്ടികളെ കുട്ടികളായി കാണൂ; കാലടി സർവകലാശാലയ്ക്കെതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

സസ്പെൻഷനെതിരേ വിദ്യാർഥികൾ നൽകിയ ഹർജി പ്രാഥമികമായി പരിശോധിക്കുമ്പോഴാണ് കോടതിയുടെ വിമർശനം

Namitha Mohanan

കൊച്ചി: കാലടി സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷനിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഇനിയെന്തിനാണ് മാപ്പ് പറയുന്നതെന്ന് ചോദിച്ച കോടതി ഇനിയും അരിശം തീർന്നില്ലെയെന്നും ആരാഞ്ഞു. ഇത്രകാലം അവരെ പുറത്തുനിർത്തിയില്ലേ, ഇനിയെന്താണ് സർവകലാശാലയ്ക്ക് വേണ്ടത്‍? സസ്പെൻഷന്‍റെ കാരണമെന്താണെന്ന് ചോദിച്ച കോടതി എന്തിനാണ് 2 എഫ്ഐആറെന്നും ചോദിച്ചു.

സസ്പെൻഷനെതിരേ വിദ്യാർഥികൾ നൽകിയ ഹർജി പ്രാഥമികമായി പരിശോധിക്കുമ്പോഴാണ് കോടതിയുടെ വിമർശനം. ഇവരൊക്കെ കുട്ടികളല്ലേയെന്ന് ചോദിച്ച കോടതി, ഇപ്പോള്‍ മുതിര്‍ന്നവരായ രാഷ്ട്രീയക്കാര്‍ കുട്ടികളായിരിക്കെ എന്തൊക്കെ ചെയ്തിട്ടുണ്ടാകുമെന്നും പറഞ്ഞു. കുട്ടികൾ ചെയ്തതിനെയെല്ലാം ന്യായീകരിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.

‌‌

വൈസ് ചാന്‍സലറെ കൈയേറ്റം ചെയ്തതിനും മറ്റ് പ്രതിഷേധങ്ങള്‍ നടത്തിയതിനുമാണ് സസ്പെൻഡ് ചെയ്തതെന്ന് സര്‍വകലാശാല ചൂണ്ടിക്കാട്ടി. വിദ്യാര്‍ഥികള്‍ക്കെതിരേ ഒരു കേസെടുത്തു. രണ്ടു ദിവസം കഴിഞ്ഞ് മറ്റൊരു കേസു കൂടി രജിസ്റ്റര്‍ ചെയ്തത് എന്തിനാണ്. ഇതെങ്ങനെ രണ്ടു കേസുകള്‍ നിലനില്‍ക്കുമെന്ന് ഹൈക്കോടതി ചോദിച്ചു. രണ്ടു സംഭവത്തിലാണ് കേസെടുത്തതെന്നാണ് സര്‍വകലാശാല കോടതിയെ അറിയിച്ചത്. വിദ്യാർഥികള്‍ക്കെതിരേ നടപടി നീട്ടിക്കൊണ്ടു പോകുന്നത് എന്തിനെന്നും കോടതി ചോദിച്ചു. കേസിൽ വെള്ളിയാഴ്ച വിശദമായ വാദം നടക്കും.