മദ്യപിച്ച് ട്രെയ്നില്‍ കയറേണ്ട; റെയ്‌ല്‍വേ അധികാരം ശരിവച്ച് ഹൈക്കോടതി

 
file image
Kerala

മദ്യപിച്ച് ട്രെയ്നില്‍ കയറണ്ട; റെയ്‌ല്‍വേ അധികാരം ശരിവച്ച് ഹൈക്കോടതി

ട്രെയ്‌നുകളിലോ റെയ്‌ല്‍വേ വളപ്പിലോ മദ്യപിച്ച് ലഹരിയിലാകുന്നവര്‍ക്കെതിരേ ശിക്ഷാ നടപടികള്‍ സ്വീകരിക്കാനും അവരെ പുറത്താക്കാനുമുള്ള റെയ്‌ല്‍വേയുടെ അധികാരം ഹൈക്കോടതി ശരിവച്ചു

Namitha Mohanan

യാത്രക്കാരനെതിരേ നടപടിയെടുക്കാം

കൊച്ചി: ട്രെയ്‌നുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയ്‌ല്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി. ട്രെയ്‌നുകളിലോ റെയ്‌ല്‍വേ വളപ്പിലോ മദ്യപിച്ച് ലഹരിയിലാകുന്നവര്‍ക്കെതിരേ ശിക്ഷാ നടപടികള്‍ സ്വീകരിക്കാനും അവരെ പുറത്താക്കാനുമുള്ള റെയ്‌ല്‍വേയുടെ അധികാരം ഹൈക്കോടതി ശരിവച്ചു. ഇതിനായുള്ള നിയമത്തിലെ വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

1989ലെ റെയ്‌ല്‍വേ ആക്റ്റിലെ 145 (എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്നാണ് കോടതി വ്യക്തമാക്കിയത്. പ്രസ്തുത വകുപ്പിന്‍റെ പ്രവര്‍ത്തനം തടയണമെന്നും അത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്‍റെ ബെഞ്ച് തള്ളി. പൊതുജന സുരക്ഷയും മറ്റു യാത്രക്കാരുടെ സ്വസ്ഥതയും ഉറപ്പാക്കാന്‍ റെയ്‌ല്‍വേയ്ക്ക് ഇത്തരമൊരു അധികാരം അത്യാവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. നിയമം നടപ്പിലാക്കുന്നതിലെ അപകതകള്‍ ചൂണ്ടിക്കാട്ടി നിയമം തന്നെ റദ്ദാക്കാനാകില്ലെന്നും, എന്തെങ്കിലും തരത്തിലുള്ള നീതികേട് വ്യക്തികള്‍ക്ക് നേരിട്ടാല്‍ അവര്‍ക്ക് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഉദ്യോഗസ്ഥര്‍ ഈ നിയമം ദുരുപയോഗം ചെയ്യുന്നത് തടയാന്‍ 2023 സെപ്റ്റംബര്‍ 14ന് റെയ്‌ല്‍വേ ബോര്‍ഡ് കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു വ്യക്തി മദ്യപിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ കാഴ്ച, സംസാരം, പെരുമാറ്റം എന്നിവ നിരീക്ഷിക്കണം. ഒന്നോ രണ്ടോ ലക്ഷണങ്ങള്‍ കണ്ടതുകൊണ്ടു മാത്രം ഒരാള്‍ ലഹരിയിലാണെന്ന് ഉറപ്പിക്കാനാകില്ലെന്നും, ലക്ഷണങ്ങളുടെ കൂട്ടായ്മയും പെരുമാറ്റത്തിലെ വ്യത്യാസവും പരിശോധിച്ച ശേഷമേ തുടര്‍നടപടി സ്വീകരിക്കാവൂ എന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഈ അധികാരം ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്താല്‍ അതിനെതിരെ നിയമപരമായ പരിഹാരത്തിന് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി അറിയിച്ചു.

മെഴുകുതിരി എടുത്തു വച്ചോളൂ; കറന്‍റു പോവും

'വ്യാജ വാര്‍ത്ത': ചാനലിന് കെസിഎൽ ടീം ഉടമയുടെ വക്കീൽ നോട്ടീസ്

ശബരിമലയിൽ ഭക്തർക്ക് തിരുവോണസദ്യ ലഭിച്ചില്ലെന്ന പരാതി; അടിയന്തര അന്വേഷണത്തിന് ദേവസ്വം മന്ത്രിയുടെ നിർദേശം

തട്ടേക്കാട് ചെക്ക് പോസ്റ്റ് മാറ്റിസ്ഥാപിക്കണം; വനം മന്ത്രിയുടെ അടിയന്തര ഉത്തരവ്

മുൻ എയർ മാർഷൽ ജീതേന്ദ്ര മിശ്ര രാമക്ഷേത്ര ട്രസ്റ്റ് സിഇഒ