ലോക്കൽ പൊലീസിൽ നിന്ന് 117 പേർ വിജിലൻസിലേക്ക്; 5 വർഷം തികഞ്ഞവർക്ക് മടങ്ങാം!
file image
ആലപ്പുഴ: വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോയിൽ വൻ അഴിച്ചുപണി. ലോക്കൽ പൊലീസിൽ നിന്ന് 117 പേരെ വിജിലൻസ് യൂണിറ്റിലേക്ക് നിയമിച്ചു. സിവിൽ പൊലീസ് ഓഫീസർ, സിനീയർ സിവിൽ പൊലീസ് ഓഫിസർ, എഎസ്ഐ എന്നീ തസ്തികകളിലാണ് നിയമനം. ഇതോടെ 5 വർഷമായി വിജിലൻസിൽ ജോലി ചെയ്യുന്നവർ ലോക്കൽ പൊലീസിലേക്ക് തിരിച്ചു പോവണം.
പരീഷ പാസായിട്ടും ലോക്കൽ പൊലീസിൽ നിന്ന് വിജിലൻസിലേക്ക് നിയമനം കിട്ടാതെ വന്നതോടെ നിരവധി പേർ പ്രതിഷേധവുമായി എത്തിയിരുന്നു. ഇതിനു പിന്നാലെ ഉത്തരവ് വന്നത്. തിരുവനന്തപുരം ജില്ലയിൽ നിന്നാണ് കൂടുതൽ പേരെ നിയമിച്ചത്. 36 പേർക്കാണ് നിയമനം.
എറണാകുളത്ത് നിന്ന് 15 , കോഴിക്കോട്ട് നിന്ന് 12, തൃശൂരിൽ നിന്ന് 9, പത്തനംതിട്ടയിൽ നിന്ന് 8 , കൊല്ലം, കണ്ണൂർ ജില്ലകളിൽ നിന്നായി 6 പേർ വീതം, കോട്ടയത്ത് നിന്ന് 5, മലപ്പുറത്ത് നിന്ന് 4, ആലപ്പുഴയിൽ നിന്ന് 3, കാസർഗോഡ് നിന്ന് 3, ഇടുക്കി, വയനാട് എന്നിവിടങ്ങളിൽ നിന്ന് 1 വീതം എന്നിങ്ങനെയാണ് പുതിയ നിയമനങ്ങൾ.
സിവിൽ പൊലീസ് ഓഫീസർ മുതൽ ഇൻസ്‌പെക്റ്റർ വരെയുള്ള തസ്തികകളിൽ വിജിലൻസിൽ മൂന്നുമുതൽ അഞ്ചുവരെ വർഷം മാത്രമേ ജോലി ചെയ്യാനാകൂവെന്നാണു ചട്ടം. അതുകഴിഞ്ഞ് മാതൃവകുപ്പിലേക്ക് മടങ്ങണമെന്നാണ് ചട്ടം. ലോക്കൽ പൊലീസിലെ ജോലിയിലെ ബുദ്ധിമുട്ടും തുടർച്ചയായ ജോലിയിലെ മടുപ്പും ഒഴുക്കാനായാണിത്.