ഒഡീഷയിൽനിന്ന് കൗമാരക്കാരിയെ രക്ഷിച്ച കേരള പൊലീസ് സംഘം.

 

MV

Kerala

നക്സൽ മേഖലയിലേക്ക് 4,000 കിലോമീറ്റർ റോഡ് യാത്ര; കൗമാരക്കാരിയെ രക്ഷിച്ച് കേരള പൊലീസ്

കുറുപ്പംപടി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ ഒഡീഷ സ്വദേശികളായ ദമ്പതികളുടെ മകളെയാണ് പ്രത്യേക അന്വേഷണ സംഘം ഗഞ്ചം ജില്ലയിലെ നബാഗൊച്ച ഗ്രാമത്തിൽ നിന്ന് കണ്ടെത്തി

Local Desk

കോതമംഗലം: കാണാതായ 13 വയസുകാരിയെ കണ്ടെത്താൻ 4,000 കിലോമീറ്ററോളം റോഡ് മാർഗം ഒഡീഷയിലെ നക്സൽ ബാധിത മേഖലയിലേക്കു സഞ്ചരിച്ച് കേരള പൊലീസ്. കുറുപ്പംപടി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ ഒഡീഷ സ്വദേശികളായ ദമ്പതികളുടെ മകളെയാണ് പ്രത്യേക അന്വേഷണ സംഘം ഗഞ്ചം ജില്ലയിലെ നബാഗൊച്ച ഗ്രാമത്തിൽ നിന്ന് കണ്ടെത്തി.

ഓഗസ്റ്റ് 13ന് വൈകിട്ട് ആറുമണിയോടെയാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ മകളെ കാണാനില്ലെന്ന പരാതിയുമായി കുറുപ്പംപടി പൊലീസ് സ്റ്റേഷനിലെത്തിയത്. പരാതി ലഭിച്ച ഉടൻ കേസ് രജിസ്റ്റർ ചെയ്ത് സബ് ഇൻസ്‌പെക്റ്ററുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. കുട്ടി താമസിച്ചിരുന്ന മേതല മേഖലയിലും സമീപ പ്രദേശങ്ങളിലും വ്യാപകമായി പരിശോധന നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചിരുന്നില്ല.

സാങ്കേതികവിദ്യയുടെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സേലത്ത് ജോലി ചെയ്യുന്ന കേശവ് എന്നയാളെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, സേലത്തെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന ഒഡീഷ സ്വദേശിയായ യുവാവുമായി കുട്ടിക്ക് സൗഹൃദം ഉണ്ടായിരുന്നതായി പൊലീസ് മനസിലാക്കി.

തുടർന്ന് കുറുപ്പംപടിയിൽ നിന്നുള്ള പൊലീസ് സംഘം സേലത്തെത്തി അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. കുട്ടിയുമായി സൗഹൃദത്തിലായിരുന്ന യുവാവിന്‍റെ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നതും അന്വേഷണത്തിന് വെല്ലുവിളിയായി.

തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന്‍റെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ഒഡീഷയിലേക്ക് യാത്ര തിരിച്ചു. അവിടെ നടത്തിയ അന്വേഷണത്തിലാണ് കുട്ടി അലോക് എന്ന യുവാവിനൊപ്പം ഗഞ്ചം ജില്ലയിലെ നബാഗൊച്ച ഗ്രാമത്തിലുണ്ടെന്ന് വിവരം കിട്ടിയത്. പ്രദേശം നക്സൽ ബാധിത മേഖലയാണെന്നും അവിടേക്കുള്ള യാത്ര ഏറെ അപകടകരമാണെന്നും മനസിലാക്കിയ അന്വേഷണ സംഘം ഓഗസ്റ്റ് 18ന് ഒഡീഷയിലെത്തി.

പകൽ സമയത്ത് പൊലീസ് വാഹനങ്ങൾ ഇവിടെ പ്രവേശിക്കുന്നത് പ്രായോഗികമല്ലെന്ന് ബഞ്ചനഗർ പൊലീസ് അറിയിച്ചു. തുടർന്ന് അർധരാത്രിയോടെ പോകാൻ തീരുമാനിച്ചു. എസ്എച്ച്ഒയുടെ നേതൃത്വത്തിൽ എട്ട് സായുധ പൊലീസ് ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തോടൊപ്പം നിയോഗിച്ചു. കുറുപ്പംപടി പൊലീസ് സംഘത്തിനും സുരക്ഷയ്ക്കായി ആയുധങ്ങൾ നൽകി.

രാത്രി 12 മണിയോടെ വനമേഖലയിലൂടെ 40 കിലോമീറ്ററോളം സഞ്ചരിച്ച് പൊലീസ് സംഘം ലക്ഷ്യസ്ഥാനത്തിന് ഒരു കിലോമീറ്റർ അകലെ വാഹനങ്ങൾ നിർത്തി. തുടർന്ന് ഒറ്റനിരയായി കാട്ടിലൂടെ നടന്നാണ് സ്ഥലത്തെത്തിയത്. കാടിനുള്ളിൽ സ്ഥിതിചെയ്യുന്ന അഞ്ച് വീടുകളിൽ അലോകിന്‍റെ വീട് കണ്ടെത്തുന്നതും ദുഷ്കരമായിരുന്നു. ഒടുവിൽ വീട് തിരിച്ചറിഞ്ഞ് പൊലീസ് സംഘം ഇവിടം വളഞ്ഞു. ഇതിനിടെ സമീപ വീടുകളിലുള്ളവരും ഉണർന്നെത്തി. എന്നാൽ, ചെറിയ വാക്കുതർക്കത്തിനൊടുവിൽ പൊലീസ് അലോകിനെയും കാണാതായ പെൺകുട്ടിയെയും കണ്ടെത്തുക തന്നെ ചെയ്തു.

അപകടസാധ്യത നിറഞ്ഞ നക്സൽ ബാധിത പ്രദേശത്ത് നിന്ന് പെൺകുട്ടിയെയും അലോകിനെയും സുരക്ഷിതമായി ബഞ്ചനഗർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഏകദേശം 4,000 കിലോമീറ്റർ സഞ്ചരിച്ച അന്വേഷണ സംഘം പെൺകുട്ടിയുമായി കേരളത്തിലേക്കു മടങ്ങി. സബ് ഇൻസ്പെക്റ്റർ കെ.എം. അബി, സീനിയർ സിപിഒമാരായ എൻ.പി. ബിന്ദു, അരുൺ കെ. കരുണൻ, രജിത് രാം എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് അറസ്റ്റിൽ; കാപ്പ ചുമത്തി ജയിലിലടച്ചു

നെഹ്റു ട്രോഫി വള്ളം കളി; ശനിയാഴ്ച ആലപ്പുഴയിൽ പ്രാദേശിക അവധി

പന്നി കെണിയിൽ കുടുങ്ങിയ പുള്ളിപ്പുലി ചത്തു

പുലികളിക്കെതിരായ പരാമര്‍ശം; ഖേദം പ്രകടിപ്പിച്ച് വി.കെ. ശ്രീരാമൻ

പ്രസവാനുകൂല്യം ലഭിക്കാൻ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവച്ചു