ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി: മുതിർന്ന ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം

 
Kerala

ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി: മുതിർന്ന ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം

കൊല്ലം സിറ്റി പൊലീസ് കമ്മീഷണറായിരുന്ന എം. ഹേമലതയെ എറണാകുളം വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ സ്‌പെഷ്യല്‍ സെല്‍ എസ്പിയായി സ്ഥലംമാറ്റി

Namitha Mohanan

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സംഭവങ്ങളിൽ പൊലീസ് നടപടി ക്രമങ്ങളിൽ വീഴ്ച പതിവെന്ന് ആരോപ‌ണങ്ങൾ ഉയർന്നതോടെ സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണിയുമായി സർക്കാർ. സംസ്ഥാനത്തെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയും പുതിയ തസ്തികകളില്‍ നിയമിച്ചുമാണ് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്. ഒമ്പത് ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കാണ് പുതിയ ചുമതലകള്‍ നല്‍കിയിട്ടുള്ളത്.

കൊല്ലം സിറ്റി പൊലീസ് കമ്മീഷണറായിരുന്ന എം. ഹേമലതയെ എറണാകുളം വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ സ്‌പെഷ്യല്‍ സെല്‍ എസ്പിയായി സ്ഥലംമാറ്റി. തിരുവനന്തപുരം ക്രൈം ബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റ് നാല് എസ്പി തസ്തികയിലുണ്ടായിരുന്ന ജി.ജി അശ്വതിയെ കൊല്ലം സിറ്റി ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു.

എം.ജെ. സോജനെ എറണാകുളം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ്പി തസ്തികയില്‍ നിന്ന് എറണാകുളം വിജിലന്‍സ് സെന്‍ട്രല്‍ റേഞ്ച് എസ്പിയായി നിയമിച്ചു. വി.ജി വിനോദ് കുമാറിനെ ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ടെക്‌നോളജി എസ്പി തസ്തികയില്‍ നിന്ന് തിരുവനന്തപുരം സിവില്‍ റൈറ്റ്‌സ് സംരക്ഷണ വിഭാഗം എസ്പിയായി മാറ്റി നിയമിച്ചു.

തിരുവനന്തപുരം റേഞ്ച് ഇക്കണോമിക് ഒഫന്‍സ് വിങ് എസ്പി എ. ഷാഹുല്‍ ഹമീദിനെ സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്പിയായും (ടെക്‌നിക്കല്‍ ഇന്‍റലിജന്‍സ്) നിയമിച്ചു. തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍(ലോ ആന്‍ഡ് ഓര്‍ഡര്‍ രണ്ട്) തസ്തികയില്‍ നിന്ന് ദീപക് ധന്‍ഖറിനെ സ്‌പെഷ്യല്‍ ആംഡ് പൊലീസ് കമാന്‍ഡന്‍റായാണ് സ്ഥലംമാറ്റിയത്.

യോഗേഷ് മണ്ടായ എസ്എപി കമാന്‍ഡന്‍റ് തസ്തികയില്‍ നിന്ന് തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണറായി നിയമിച്ചു. സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്പി (അഡ്മിനിസ്‌ട്രേഷന്‍) പദവിയിലുണ്ടായിരുന്ന പ്രജിഷ് തോട്ടത്തിലിനെ മലപ്പുറം സ്‌പെഷ്യല്‍ ഓപറേഷന്‍ ഗ്രൂപ്പ് എസ്പിയായി സ്ഥലംമാറ്റി. ശക്തി സി. ആര്യയെ റാപ്പിഡ് റെസ്‌പോണ്‍സ് ആന്‍ഡ് റെസ്‌ക്യൂ ഫോഴ്‌സ് കമാന്‍ഡന്‍റ് സ്ഥാനത്ത് നിന്ന് കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണറായും നിയമിച്ചിട്ടുണ്ട്.