തിരുവനന്തപുരം നഗരത്തിലെ മൗണ്ടഡ് പൊലീസ്.
https://www.facebook.com/tvmcitypolice.keralapolice.gov.in
Thiruvananthapuram, Kerala, India - Kerala Police announces equestrian training for the general public under the anti-drug initiative 'Operation Toofan Care'.
തിരുവനന്തപുരം: യുവജനങ്ങളെ ലഹരിയിൽ നിന്ന് അകറ്റുന്നതിനും പൊതുജനങ്ങളുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനുമായി പുതിയ പദ്ധതിയുമായി കേരള പൊലീസ്. ഇതിന്‍റെ ഭാഗമായി തിരുവനന്തപുരത്തെ പ്രശസ്തമായ മൗണ്ടഡ് പൊലീസ് യൂണിറ്റിന്‍റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കും കുതിരസവാരി പരിശീലനം നൽകാൻ തീരുമാനിച്ചു.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ അരുൾ ബി. കൃഷ്ണ സമർപ്പിച്ച പ്രൊപ്പോസലിന് ആഭ്യന്തര വകുപ്പ് അനുമതി നൽകി. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള 'ഓപ്പറേഷൻ തൂഫാൻ കെയർ' (Operation Toofan Care) പദ്ധതിയുടെ കീഴിലാണ് ഈ പുതിയ സംരംഭം നടപ്പിലാക്കുന്നത്.
ആദ്യഘട്ടമെന്ന നിലയിൽ പൈലറ്റ് പ്രോജക്റ്റായി പൊലീസ് ഉദ്യോഗസ്ഥരുടെ ബന്ധുക്കൾക്കും പരിചയക്കാർക്കുമാണ് പരിശീലനം നൽകുക. 10 മുതൽ 20 വരെ ആളുകൾ അടങ്ങുന്ന രണ്ട് ബാച്ചുകളായിട്ടായിരിക്കും പരിശീലനം നൽകുക. 20 ദിവസമാണ് പരിശീലന കാലാവധി.
പൈലറ്റ് പ്രോജക്റ്റിന്‍റെ വിജയത്തിന് ശേഷം പരിശീലനം മറ്റ് പൊതുജനങ്ങൾക്കും വ്യാപിപ്പിക്കും. മറ്റ് ഇക്വസ്ട്രിയൻ ക്ലബ്ബുകളുമായി താരതമ്യം ചെയ്യുമ്പോൾ സാധാരണക്കാർക്ക് താങ്ങാനാവുന്ന രീതിയിൽ നാമാമാത്രമായ ഫീസ് ഈടാക്കാനാണ് തീരുമാനം.
ഇന്ത്യൻ ആഭ്യന്തര വകുപ്പിൽ നിന്ന് പ്രത്യേകം പരിശീലനം ലഭിച്ച 18 കുതിരകളാണ് നിലവിൽ കേരള മൗണ്ടഡ് പൊലീസിനുള്ളത്. പൊതുജനങ്ങൾക്കും കുട്ടികൾക്കും ഇതൊരു അപൂർവ അനുഭവമായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.