റെക്കോഡ് ഉപയോഗം പ്രതിസന്ധി വർധിപ്പിക്കുന്നു
തിരുവനന്തപുരം: അസാധാരണ കാലാവസ്ഥയെ തുടർന്ന് സംസ്ഥാനത്ത് വൈദ്യുതി ആവശ്യകത ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ ഊർജ നിയന്ത്രണ (ഡിമാൻഡ് സൈഡ് മാനെജ്‌മെന്‍റ്) നടപടികൾ കർശനമാക്കാൻ സർക്കാർ നിർദേശം നൽകി. സെപ്റ്റംബറിലെ പ്രതിദിന വൈദ്യുതി ഉപയോഗം 95.39 ദശലക്ഷം യൂണിറ്റും പീക്ക് സമയത്തെ ആവശ്യകത 5,400 മെഗാവാട്ടും തൊട്ട പശ്ചാത്തലത്തിലാണ് നടപടി.
ഏറ്റവും കൂടുതൽ വൈദ്യുതി ആവശ്യമായി വരുന്ന വൈകുന്നേരം 7 മുതൽ രാത്രി 12 വരെയുള്ള പീക്ക് സമയങ്ങളിൽ ഉപയോഗം സ്വമേധയാ കുറയ്ക്കാനും രാവിലെ 9 മുതൽ വൈകിട്ട് 4 വരെയുള്ള സോളാർ സമയത്തേക്ക് ഉയർന്ന ലോഡുകൾ മാറ്റാനും ഉപയോക്താക്കൾ സഹകരിക്കണമെന്ന് പവർ വകുപ്പ് സെക്രട്ടറി എം.ജി. രാജമാണിക്യം അഭ്യർഥിച്ചു.
എസിയുടെ താപനില 25 ഡിഗ്രി സെൽഷ്യസിലോ അതിനു മുകളിലോ ക്രമീകരിക്കണം
അനാവശ്യ ദീപാലങ്കാരങ്ങളും പ്രകാശ സംവിധാനങ്ങളും ഒഴിവാക്കണം.
വാട്ടർ ഹീറ്റർ, ഇൻഡക്‌ഷൻ കുക്കർ, വാഷിങ് മെഷീൻ, പമ്പ് സെറ്റുകൾ തുടങ്ങി കൂടുതൽ വൈദ്യുതി ആവശ്യമുള്ള ഉപകരണങ്ങളുടെ ഉപയോഗവും വാഹനങ്ങളുടെ ചാർജിങ്ങും പരമാവധി സോളാർ സമയങ്ങളിലേക്ക് മാറ്റണം.
ബിഎൽഡിസി ഫാനുകൾ ഉൾപ്പെടെയുള്ള ഊർജക്ഷമതയുള്ള ഉപകരണങ്ങൾ ഉപയോഗിക്കണം.
വാട്ടർ അഥോറിറ്റിയുടെ പമ്പിങ് പ്രവർത്തനങ്ങൾ സാധ്യമാകുന്നിടത്തോളം പകൽ സമയത്തേക്ക് മാറ്റണം.
ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങൾ ഊർജം കൂടുതൽ ആവശ്യമുള്ള പ്രവർത്തനങ്ങൾ ഓഫ്- പീക്ക്/ സോളാർ സമയങ്ങളിലേക്ക് പുനഃക്രമീകരിക്കണം.