അരി വില നിയന്ത്രിക്കാനുള്ള പദ്ധതിയുമായി സർക്കാർ; ഡിസംബർ മുതൽ 27 രൂപ നിരക്കിൽ സ്പെഷ്യൽ അരി

 
Kerala

അരി വില നിയന്ത്രിക്കാനുള്ള പദ്ധതിയുമായി സർക്കാർ; ഡിസംബർ മുതൽ 27 രൂപ നിരക്കിൽ സ്പെഷ്യൽ അരി

കേരളം 25,000 ടൺ അരി ആവശ്യപ്പെട്ടപ്പോൾ പ്രത്യേക സ്കീം ത‍യാറാക്കി വിജ്ഞാപനം ഇറക്കാൻ കേന്ദ്രം ആവശ്യപ്പെടുകയായിരുന്നു

Namitha Mohanan

തിരുവനന്തപുരം: സംസ്ഥാനത്ത് അരി വില കുതിക്കുന്ന സാഹചര്യത്തിൽ പുതിയ പദ്ധതിയുമായി സർക്കാർ. വിലനിയന്ത്രിക്കാനും ഇവ പൊതു വിതരണ സംവിധാനം വഴി ലഭ്യമാക്കാനുമായി സ്ഥിരം വിലസ്ഥിരതാ പദ്ധതിക്കാണ് സർക്കാർ രൂപം നൽ‌കിയത്. ഇതിനായി ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരം വിജ്ഞാപനം പുറത്തിറക്കി.

ഫൂഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീം വഴി ഇ ലേലമില്ലാതെയും ആവശ്യമെങ്കിൽ നേരിട്ടും സർക്കാർ സംഭരണം നടത്താനാവും. എല്ലാ റേഷൻകാർഡുകൾക്കും പരമാവധി 15 കിലോഗ്രാം വരെ ധാന്യങ്ങൾ ഇതുവഴി വിതരണം ചെയ്യാനാവും.

പദ്ധതി നടപ്പാക്കാനുള്ള ചുമതല സിവിൽ സപ്ലൈസ് കമ്മിഷണർക്കാണ്. കേരളം 25,000 ടൺ അരി ആവശ്യപ്പെട്ടപ്പോൾ പ്രത്യേക സ്കീം ത‍യാറാക്കി വിജ്ഞാപനം ഇറക്കാൻ കേന്ദ്രം ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് വിലസ്ഥിരതാ പദ്ധതി ആവിഷ്ക്കരിച്ചുള്ള വിജ്ഞാപനം.

ഡിസംബറിൽ മുൻഗണന ഇതര വിഭാഗത്തിലെ വെള്ള, നീല, ബ്രൗൺ കാർഡ് ഉടമകൾക്ക് 5 കിലോഗ്രാം വീതം പുഴുക്കലരി നൽകും. മുൻഗണന വിഭാഗത്തിലുള്ള മഞ്ഞ, പിങ്ക് കാർഡുകൾക്ക് 3 കിലോഗ്രാം വീതം പച്ചരിയും ലഭിക്കും. കേന്ദ്രം 23.90 രൂപയ്ക്ക് നൽകുന്ന അരി കൈകൈര്യചെലവ് കൂടി ഉൾപ്പെടുത്തി 27 രൂപയ്ക്ക് വിതരണം ചെയ്യും. വിലസ്ഥിരതാ പദ്ധതിക്കായി വിജ്ഞാപനം ഇറക്കിയതിന്റെ ചുവടുപിടിച്ചാണ് അരി വാങ്ങാനുള്ള അനുമതി.