ഗുരുവായൂർ ക്ഷേത്രം
തൃശൂർ: ചിങ്ങ മാസത്തിലെ ആദ‍്യ ഞായറാഴ്ചയായ ഓഗസ്റ്റ് 23ന് ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വലിയ വിവാഹത്തിരക്കിന് കളമൊരുങ്ങുന്നു. 377 വിവാഹങ്ങളാണ് ഞായറാഴ്ച ഇതിനോടകം ബുക്ക് ചെയ്തിരിക്കുന്നത്. ബുക്കിങ് നിലവിൽ തുടരുന്നതിനാൽ വിവാഹങ്ങളുടെ എണ്ണം 400 കടന്നേക്കുമെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് പറഞ്ഞു.
ഇതുകൂടാതെ ഓഗസ്റ്റ് 30ന് 295 വിവാഹങ്ങളും ബുക്ക് ചെയ്തിട്ടുണ്ട്. ചടങ്ങുകൾ തടസമില്ലാതെ നടത്തുന്നതിനും ദർശനം സുഗകരമാക്കാനും പ്രത‍്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് അറിയിച്ചു.
ഓഗസ്റ്റ് 23, 30 തീയതികളിലെ വിവാഹങ്ങൾ പുലർച്ചെ 4 മണിയോട് കൂടി ആരംഭിക്കും. ഇതിനായി ക്ഷേത്രനടപ്പന്തലിൽ 6 കല‍്യാണമണ്ഡപങ്ങൾ സജ്ജീകരിക്കുമെന്നും ചടങ്ങുകളുടെ ഏകോപിപ്പിക്കുന്നതിനു വേണ്ടി കൂടുതൽ ദേവസ്വം ജീവനക്കാരെയും മംഗളവാദ‍്യക്കാരെയും ഏർപ്പെടുത്തിയതായി ദേവസ്വം ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
വലിയ തിരക്ക് അനുഭവപ്പെടുന്നത് കണക്കിലെടുത്ത് കല‍്യാണ മണ്ഡപത്തിന് സമീപം വധൂവരന്മാർക്കൊപ്പം ഫോട്ടോഗ്രാഫർമാർ അടക്കം 24 പേരെ മാത്രമെ അനുവദിക്കുകയുള്ളൂവെന്നും ഭക്തർക്കും വിവാഹസംഘങ്ങൾക്കും സഹായത്തിനായി ദേവസ്വം ജീവനക്കാരെയും സെക‍്യൂരിറ്റി ജീവനക്കാരെയും പൊലീസിനെയും വിന‍്യസിക്കുമെന്ന് ദേവസ്വം ബോർഡ് വ‍്യക്തമാക്കി. നേരത്തെ 2025 സെപ്റ്റംബർ 8ന് ക്ഷേത്രത്തിൽ റെക്കോഡ് സംഖ‍്യയായ 334 വിവാഹങ്ങൾ ഒരു ദിവസം നടന്നിരുന്നു. എന്നാൽ ഇത്തവണ ഈ സംഖ‍്യ മറികടക്കുമെന്നാണ് കരുതുന്നത്.