സ്വന്തം ലേഖകൻ
തിരുവനന്തപുരം: സ്വകാര്യ കമ്പനിയിൽ നിന്നും കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങുന്നതിലൂടെ സംസ്ഥാനത്തിന് 2232 കോടിയിലധികം രൂപയുടെ അധിക ബാധ്യത ഒഴിവാക്കാനാണ് സർക്കാർ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കെഎസ്ഇബി ചെയർമാനടക്കം സീനിയറായ ഉദ്യോഗസ്ഥരെയും അഡീഷണൽ ചീഫ് സെക്രട്ടറിമാരെയും സ്ഥലംമാറ്റിയത് സ്വാഭാവിക ഭരണപരമായ നടപടിക്രമങ്ങൾ പാലിച്ചു മാത്രമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ട് സർക്കാരിന് മുന്നിൽ രണ്ട് നിർദേശങ്ങളാണ് വന്നത്. ഒന്ന് ഹിമാചൽ പ്രദേശ് സർക്കാരിന്‍റെതെന്ന പേരിൽ പവർ ട്രേഡിംഗ് കമ്പനി (പിടിസി) വഴി യൂണിറ്റിന് 14.50 രൂപ നിരക്കിലുള്ളതും, രണ്ടാമത്തേത് ജിഎൻഎ ഓപ്പൺ പ്ലാറ്റ്‌ഫോം വഴി 8.63 രൂപ, 8.90 രൂപ നിരക്കിലുള്ളതുമായിരുന്നു. ഹിമാചലിന്‍റേത് യഥാർത്ഥത്തിൽ ഇടനിലക്കാരായ സ്വകാര്യ ട്രേഡിങ് കമ്പനി കമ്മീഷൻ ഉൾപ്പെടെ നൽകുന്നതാണ്. ഉയർന്ന നിരക്കിലുള്ള ഹിമാചൽ വൈദ്യുതി വാങ്ങിയാൽ 2232 കോടി രൂപയുടെ അധിക ബാധ്യത വരുമെന്ന് വൈദ്യുതി ബോർഡിന്‍റെ റിപ്പോർട്ടിൽ തന്നെ വ്യക്തമാക്കിയതാണ്. അതിനാൽ ജിഎൻഎയിൽ നിന്നും വാങ്ങാൻ തീരുമാനിക്കുകയുമായിരുന്നു.
കെപിസിസി പ്രസിഡന്‍റാണ് വൈദ്യുതിമന്ത്രിയെന്നതിനാൽ ചർച്ച ചെയ്താണ് തീരുമാനിച്ചതെന്നും സ്വകാര്യ കമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങുന്നത് സംസ്ഥാനത്ത് പുതിയ കാര്യമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്വകാര്യ കമ്പനിയെ സഹായിക്കാനാണ് നീക്കമെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ ആരോപണങ്ങൾ വാസ്തവവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.മുമ്പ് പിണറായി വിജയൻ സർക്കാരിന്‍റെ കാലത്തും ഇതേ ജിഎൻഎയിൽ നിന്നും ജിൻഡാൽ, അദാനി തുടങ്ങിയ നിരവധി സ്വകാര്യ കമ്പനികളിൽ നിന്നും വൈദ്യുതി വാങ്ങിയിട്ടുണ്ട്.
വൈകുന്നേരംആറ് മുതൽ രാത്രി 12 വരെയുള്ള പീക്ക് സമയത്ത് ഏറ്റവും കൂടുതൽ വൈദ്യുതി ലഭ്യമാകുന്നതും ജിഎൻഎ വഴിയാണ്. ഹിമാചലിൽ നിന്ന് പീക്ക് സമയത്ത് 353 ദശലക്ഷം യൂണിറ്റ് മാത്രം ലഭിക്കുമ്പോൾ ജിഎൻഎ വഴി 453 ദശലക്ഷം യൂണിറ്റ് ലഭിക്കും എന്ന് അദ്ദേഹം വ്യക്തമാക്കി.റെഗുലേറ്ററി അതോറിറ്റിയുടെ പരിധി പ്രകാരം ജിഎൻഎ വഴിയുള്ള വൈദ്യുതി വാങ്ങലിൽ യൂണിറ്റിന് 2.6 രൂപ മാത്രമാണ് അധിക ബാധ്യതയെങ്കിൽ, ഹിമാചൽ വൈദ്യുതിക്ക് യൂണിറ്റിന് 8.5 രൂപ അധിക ബാധ്യത വരും.
ഒക്ടോബർ മുതൽ മെയ് വരെയുള്ള കാലയളവിൽ ഇത് 2233.34 കോടി രൂപയുടെ ബാധ്യതയുണ്ടാക്കും. ഇത്രയും വലിയ സാമ്പത്തിക നഷ്ടം ഒഴിവാക്കി ഏറ്റവും കുറഞ്ഞ നിരക്കിൽ പീക്ക് വൈദ്യുതി ഉറപ്പാക്കിയ നടപടിയെയാണ് പ്രതിപക്ഷം അനാവശ്യമായി രാഷ്ട്രീയവത്ക്കരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള തീരുമാനത്തെ എതിര്‍ത്തതുമൂലമാണ് കെഎസ്ഇബി ചെയര്‍മാനെ മാറ്റിയെന്നുള്ളത് തീര്‍ത്തും തെറ്റായ ആരോപണമാണ്. സിവില്‍ സര്‍വീസ് ബോര്‍ഡ് കൂടിയിട്ടില്ലെന്ന വാര്‍ത്ത തെറ്റാണ്. ബോര്‍ഡ് കൂടിയിട്ടുണ്ട്. സ്ഥലം മാറ്റത്തിൽ തന്നോട് ഒരു ഉദ്യോഗസ്ഥനും ഇതുവരെ അതൃപ്തി പറഞ്ഞിട്ടില്ല. പ്രൊസീജ്യര്‍ അനുസരിച്ചാണ് എല്ലാം ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തീരുമാനം മുഖ്യമന്ത്രി വിശദീകരിച്ചു: മന്ത്രി സണ്ണി ജോസഫ്
തിരുവനന്തപുരം: വൈദ്യുതി വാങ്ങൽ സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍ എല്ലാ കാര്യങ്ങളും വിശദീകരിച്ചിട്ടുണ്ടെന്നും മറിച്ച് അഭിപ്രായമില്ലെന്നും കെപിസിസി പ്രസിഡന്‍റ് കൂടിയായ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പ്രതികരിച്ചു. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പരമാവധി ശ്രമിക്കുകയാണ്. ആവശ്യമായ തീരുമാനമെടുത്തിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.