കൊടിക്കുന്നിൽ സുരേഷ്
തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാനുള്ള താൽപര്യം പരോക്ഷമായി പ്രകടിപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവും എട്ട് തവണ എംപിയുമായ കൊടിക്കുന്നിൽ സുരേഷ്. പാർട്ടിയിലെ എല്ലാ വിഭാഗങ്ങൾക്കിടയിലും തനിക്ക് സ്വീകാര്യതയുണ്ടെന്നും ഏൽപ്പിച്ച ഉത്തരവാദിത്വങ്ങളെല്ലാം വിജയകരമായി നിർവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വൈദ്യുതി മന്ത്രിയായി സംസ്ഥാന മന്ത്രിസഭയിൽ അംഗമായതിനെ തുടർന്ന് പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായിരിക്കെയാണ് കൊടിക്കുന്നിൽ സുരേഷിന്റെ പ്രതികരണം. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 90-ാം വാർഷികാചരണത്തിന്റെ ഭാഗമായി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധ്യക്ഷ സ്ഥാനത്തേക്ക് മത്സരരംഗത്തുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അന്തിമ തീരുമാനം കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റേതാണെന്ന് അദ്ദേഹം മറുപടി നൽകി. താനാണോ മറ്റാരെങ്കിലുമാണോ അധ്യക്ഷനാകുകയെന്ന് പ്രവചിക്കാനാകില്ലെന്നും ഹൈക്കമാൻഡ് ഉചിതമായ സമയത്ത് തീരുമാനം പ്രഖ്യാപിക്കുമെന്നും മാവേലിക്കര എംപിയായ കൊടിക്കുന്നിൽ പറഞ്ഞു. ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറാണോ എന്ന ചോദ്യത്തിന്, പാർട്ടിയുടെ എല്ലാ വിഭാഗങ്ങളിലും തനിക്ക് സ്വീകാര്യതയുണ്ടെന്നും മുൻപ് ഏൽപ്പിച്ച ചുമതലകളെല്ലാം ഭംഗിയായി നിർവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എംപി, കേന്ദ്രമന്ത്രി, എഐസിസി സെക്രട്ടറി, നെഹ്റു യുവകേന്ദ്ര വൈസ് ചെയർമാൻ, കോൺഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച അനുഭവസമ്പത്തുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 12 വർഷം സോണിയ ഗാന്ധിക്കൊപ്പം പാർലമെന്ററി പാർട്ടി സെക്രട്ടറിയായി പ്രവർത്തിച്ചു. നിലവിൽ രാഹുൽ ഗാന്ധിക്കൊപ്പം ചീഫ് വിപ്പായും സേവനമനുഷ്ഠിക്കുന്നു. എംപിമാരിൽ നിന്നോ മറ്റ് നേതാക്കളിൽ നിന്നോ തനിക്കെതിരേ പരാതികളില്ലെന്നും തന്റെ പ്രവർത്തനത്തിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും സംതൃപ്തരാണെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കുമ്പോൾ സാമുദായിക പ്രാതിനിധ്യവും വിശാലമായ സ്വീകാര്യതയും പരിഗണിക്കേണ്ട ഘടകങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രസക്തമായ എല്ലാ ഘടകങ്ങളും കോൺഗ്രസ് പരിഗണിക്കുമെന്നും ആരെയും മാറ്റിനിർത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ കോൺഗ്രസ് നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ദളിത് വിഭാഗത്തിൽ നിന്നുള്ളയാളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കുന്ന കാര്യത്തിൽ ഹൈക്കമാൻഡാണ് അന്തിമ തീരുമാനമെടുക്കുകയെന്ന് റവന്യൂ മന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു. മാധ്യമങ്ങളിൽ വരുന്ന അഭ്യൂഹങ്ങളോട് നേതാക്കൾ ഓരോ തവണയും പ്രതികരിക്കണമെന്ന് പ്രതീക്ഷിക്കാനാകില്ലെന്നും ഉചിതമായ സമയത്ത് ഹൈക്കമാൻഡ് തീരുമാനം പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വണ്ടൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ദളിത് നേതാവായ എ.പി. അനിൽകുമാറിന്റെ പേരും പുതിയ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് അദ്ദേഹം.