ടെഡി എൻ. ഏലിയാസ്

 
Kerala

കൊച്ചി മെട്രൊ സെർവറിലെ സുരക്ഷാവീഴ്ച കണ്ടെത്തി കോതമംഗലം എംഎ കോളെജ് ജീവനക്കാരൻ; ഒഴിവായത് വൻ വിവരചോർച്ച

കോളെജിലെ ഫിസിക്സ് വിഭാഗം ലാബ് സ്റ്റാഫായ സുരക്ഷാ ഗവേഷകൻ ടെഡി എൻ. ഏലിയാസ് ആണ് വീഴ്ച കണ്ടെത്തിയത്

Sarath Nath MS

കോതമംഗലം: കൊച്ചി മെട്രൊ റെയ്ൽ കോർപ്പറേഷന്‍റെ (കെഎംആർഎൽ) സെർവറിലുണ്ടായിരുന്ന ഗുരുതര സുരക്ഷാവീഴ്ച കണ്ടെത്തി കോതമംഗലം എംഎ കോളെജ് ജീവനക്കാരനായ യുവ സുരക്ഷാ ഗവേഷകൻ. ഇദ്ദേഹത്തിന്‍റെ സമയോചിതമായ ഇടപെടലിലൂടെ ആയിരക്കണക്കിന് ജീവനക്കാരുടെ രഹസ്യവിവരങ്ങൾ ചോരുന്നത് തടയാനായി.

കോളെജിലെ ഫിസിക്സ് വിഭാഗം ലാബ് സ്റ്റാഫായ സുരക്ഷാ ഗവേഷകൻ ടെഡി എൻ. ഏലിയാസ് ആണ് വീഴ്ച കണ്ടെത്തിയത്. കെഎംആർഎല്ലിന്‍റെ ഡൊമൈന് കീഴിലുള്ള ഒരു സെർവറിലാണ് ഗുരുതരമായ പിഴവ് ഉണ്ടായിരുന്നത്. റൂട്ട് ഡയറക്റ്ററി ലെവലിൽ ഡയറക്റ്ററി ലിസ്റ്റിങ് എനേബിൾ ചെയ്തിരിക്കുന്നതുമൂലം സെർവറിലെ വിവരങ്ങൾ പരസ്യമായി വെളിപ്പെടുന്ന (Data Exposure) അവസ്ഥയിലായിരുന്നു. ഒക്റ്റോബർ 23-നാണ് ഗവേഷകൻ ഇത് കണ്ടെത്തി ഔദ്യോഗികമായി റിപ്പോർട്ട് നൽകിയത്.

2011 മുതൽ കെഎംആർഎല്ലിൽ ജോലി ചെയ്തിട്ടുള്ളവരുടെ അതീവ രഹസ്യമായ ഡേറ്റയാണ് ഈ പിഴവിലൂടെ നഷ്ടപ്പെടാൻ സാധ്യതയുണ്ടായിരുന്നത്. ജീവനക്കാരുടെ പേര്, പാൻ കാർഡ് വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, സാർവത്രിക അക്കൗണ്ട് നമ്പർ (യുഎഎൻ), വിശദമായ ശമ്പള വിവരങ്ങൾ എന്നിവയെല്ലാം ചോരാൻ സാധ്യതയുണ്ടായിരുന്നു.

വിവരചോർച്ചയ്ക്ക് സാധ്യതയുണ്ടെന്ന് വ്യക്തമായതോടെ ഗവേഷകൻ പ്രൂഫ് ഓഫ് കൺസെപ്റ്റ് (POC) വിഡിയോയും തെളിവുകളും സഹിതം കേന്ദ്ര സർക്കാർ സ്ഥാപനമായ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിനെ (CERT-In) വിവരം അറിയിച്ചു.

തുടർന്ന് CERT-In ഇടപെട്ട് സുരക്ഷാ പ്രശ്നം പരിഹരിച്ചുവെന്ന് ഉറപ്പുവരുത്താൻ ഗവേഷകനോട് ആവശ്യപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ സെർവർ പൂർണമായും സുരക്ഷിതമാണെന്ന് ഗവേഷകൻ CERT-In-നെ അറിയിക്കുകയായിരുന്നു. നിലവിൽ കണ്ടെത്തിയ ഈ സുരക്ഷാ വീഴ്ച കൊച്ചി മെട്രൊ യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്നതല്ലെന്നത് ആശ്വാസകരമാണ്.

കേരള യൂണിവേഴ്സിറ്റി, എംജി യൂണിവേഴ്സിറ്റി, ഐസിഎസ്ഇ ബോർഡ് എന്നീ സ്ഥാപനങ്ങളുടെ സമാന രീതിയിലുള്ള സുരക്ഷാ വീഴ്ചകളും കണ്ടെത്തി ടെഡി എൻ. ഏലിയാസ് നേരത്തെ ശ്രദ്ധ നേടിയിരുന്നു. കോതമംഗലം ചേലാട് കരിങ്ങഴ നിരപ്പുകണ്ടത്തിൽ കുടുംബാംഗമാണ്.