പെരുമ്പാമ്പ് - പ്രതീകാത്മക ചിത്രം.

 

freepik.com

Kerala

വനംവകുപ്പിന്‍റെ 'രക്ഷാദൗത്യം'; 20 മലമ്പാമ്പുകൾ ചത്തു

കോഴിക്കോട് വനംവകുപ്പ് ഓഫിസിനു സമീപം കിണറ്റിൽ 20 മലമ്പാമ്പുകൾ ചത്ത നിലയിൽ; ശ്വാസംമുട്ടലാണ് മരണ കാരണമെന്ന് നിഗമനം, അനാസ്ഥ നിഷേധിച്ച് വനംവകുപ്പ്

Kozhikode Bureau

കോഴിക്കോട് മാത്തോട്ടത്തുള്ള വനം-വന്യജീവി വകുപ്പിന്‍റെ 'വനശ്രീ' ഓഫിസ് പരിസരത്തെ കിണറ്റിൽ, ജനവാസ കേന്ദ്രങ്ങളിൽനിന്ന് പിടികൂടിയ 20 ഇന്ത്യൻ റോക്ക് പൈത്തണുകൾ ചത്ത നിലയിൽ കണ്ടെത്തി. വനത്തിൽ തുറന്നുവിടാൻ താത്കാലികമായി സൂക്ഷിച്ചിരുന്ന പാമ്പുകളെ, ഒന്നിനു മുകളിൽ ഒന്നായി കിടന്നതിനാൽ അടിയിലായവയ്ക്ക് ശ്വാസംമുട്ടലുണ്ടായാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. വനംവകുപ്പിന്‍റെ ഭാഗത്തുനിന്ന് അനാസ്ഥയില്ലെന്നും, ഇത് പതിവ് നടപടിക്രമമാണെന്നും മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

കോഴിക്കോട്: ജനവാസകേന്ദ്രങ്ങളിൽനിന്നു പിടികൂടിയ 20 മലമ്പാമ്പുകൾ വനംവകുപ്പിന്‍റെ കസ്റ്റഡിയിൽ ചത്തൊടുങ്ങി. കോഴിക്കോട് മാത്തോട്ടത്തുള്ള വനം-വന്യജീവി വകുപ്പിന്‍റെ 'വനശ്രീ' ഓഫിസ് പരിസരത്തെ കിണറ്റിലാണു പാമ്പുകളെ ചത്ത നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളിൽനിന്നു വനംവകുപ്പിന്‍റെ ദ്രുതകർമ സേന പിടികൂടിയ പാമ്പുകളാണിവ.

വനത്തിൽ തുറന്നുവിടുന്നതിനുവേണ്ടി സൂക്ഷിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച ആദ്യം കിണറ്റിൽനിന്ന് ദുർഗന്ധം വമിച്ചപ്പോഴാണ് അധികൃതർ ഇക്കാര്യം അറിഞ്ഞത്. വന്യജീവി സംരക്ഷണ നിയമപ്രകാരം ഒന്നാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി അതീവ സംരക്ഷണം നൽകേണ്ട ഇന്ത്യൻ റോക്ക് പൈത്തൺ ഇനത്തിൽപ്പെട്ട പാമ്പുകളാണിവ. കിണറ്റിനുള്ളിൽ പാമ്പുകൾ ചത്ത് ജീർണിച്ച അവസ്ഥയിലായിരുന്നു. വലുപ്പമേറിയ മലമ്പാമ്പുകളെ ഒന്നിനുമുകളിൽ ഒന്നായി ഇട്ടപ്പോൾ, അടിയിലകപ്പെട്ട പാമ്പുകൾക്ക് മുകളിലുള്ളവയുടെ ഭാരം താങ്ങാനാവാതെ ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.

എന്നാൽ, വനംവകുപ്പിന്‍റെ ഭാഗത്തുനിന്ന് അനാസ്ഥയില്ലെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. പിടികൂടുന്ന പാമ്പുകളെ വനത്തിലേക്ക് മാറ്റുന്നതിനു മുൻപ് ഇത്തരം കിണറുകളിൽ താത്കാലികമായി പാർപ്പിക്കുന്നത് പലയിടങ്ങളിലും പതിവുള്ള കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

നഗരപരിധിയിൽനിന്ന് മാത്രം ദിവസേന നാലും അഞ്ചും മലമ്പാമ്പുകളെ വനംവകുപ്പ് രക്ഷപെടുത്താറുണ്ടെന്നും, മുൻഗണനാക്രമം അനുസരിച്ചാണ് ഇവയെ കാട്ടിലേക്ക് മാറ്റുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.