ഉദയഭാനു, ശ്രീനാദേവി കുഞ്ഞമ്മ
പത്തനംതിട്ട: കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരേ മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് നൽകി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ഉദയഭാനു. 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അപമാനിച്ചു എന്നാരോപിച്ചാണ് വക്കീൽ നോട്ടീസ് അയച്ചത്.
കഴിഞ്ഞ ദിവസം കെ.പി. ഉദയഭാനു നൽകിയ പരാതിയിൽ ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരേ പൊലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ചത്. ഉദയഭാനു പഞ്ചായത്ത് പ്രസിഡന്‍റായിരുന്നപ്പോൾ വനിതാ ജീവനക്കാരിയുടെ വീട്ടിൽ സന്ദർശനം നടത്തിയെന്നാണ് പോസ്റ്റിൽ ആരോപിച്ചത്.
ഫെയ്സ്ബുക്ക് പോസ്റ്റ് നീക്കണമെന്ന് ഉദയഭാനു വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടു. തെറ്റായ വിവരം പോസ്റ്റ് ചെയ്തതിന് ശ്രീനാദേവി കുഞ്ഞമ്മ മാപ്പ് എഴുതി നൽകണമെന്നും 15 ദിവസത്തിനകം മറുപടി നൽകണമെന്നും വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടു.
രാഹുൽ മാങ്കൂട്ടത്തിലിനെ ഉദയഭാനു വിമർശിച്ചതിന് പിന്നാലെയായിരുന്നു ശ്രീനാദേവിയുടെ വിവാദമായ ഫേസ്ബുക്ക് പോസ്റ്റ്. ഇതിനെതിരേ ഉദയഭാനു നൽകിയ പരാതിക്ക് പിന്നാലെ അടൂർ പൊലീസ് കേസെടുത്തിരുന്നു. പൊതുപ്രവർത്തനത്തെ അപകീർത്തിപ്പെടുത്തി, ലൈംഗിക അരാജകത്വത്തോടെ ജീവിക്കുന്ന ആളാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു എന്നിങ്ങനെയാണ് എഫ്ഐആറിൽ പറയുന്നത്.