മുഖ്യമന്ത്രി വി.ഡി. സതീശൻ, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.

 
Kerala

പിണറായി വിജയനെതിരേ ഉടൻ കേസെടുക്കും, വിധി സർക്കാരിന് തിരിച്ചടിയല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

സർക്കാർ അനാവശ്യ ധൃതിയോ വ്യക്തിപരമായ വിരോധമോ കാണിച്ചില്ല

MV Desk

തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാടിൽ പ്രതിപക്ഷനേതാവ് പിണറായി വിജയനെതിരെ കേസെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതിശൻ. പിണറായി വിജയന് എതിരേ ഉടൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുമെന്നും മന്ത്രിസഭായോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഹൈക്കോടതി വിധി സർക്കാരിന് തിരിച്ചടി അല്ല. സർക്കാർ അനാവശ്യ ധൃതിയോ വ്യക്തിപരമായ വിരോധമോ കാണിച്ചില്ല. സർക്കാർ നിയമോപദേശം തേടി. എഫ്‌ഐആർ രജിസ്റ്റർ ചെയ്യുംമുമ്പ് പരിശോധിക്കണമെന്നാണ് നിയമോപദേശം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സിഎംആർഎൽ-എക്സാലോജിക് കേസിൽ അന്വേഷണത്തിനായി സർക്കാർ രൂപികരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി പിണറായി വിജയനെതിരേ കേസെടുക്കാൻ ഉത്തരവിട്ടത്. ഇഡി നൽകിയ റിപ്പോർട്ടിന്മേൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ, അന്വേഷണത്തിനായി കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയ സംസ്ഥാന സർക്കാരിന്റെ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് വിജിലൻസ് ഡയറക്ടർക്ക് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.