സംസ്ഥാനത്ത് മഴ തുടരും; വിവിധ ജില്ലകളിൽ യെലോ അലർട്ട്
ai image
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ചൊവ്വാഴ്ചയും ബുധനാഴ്ചയും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം.
ഇതിന്‍റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച കോട്ടയം, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെലോ അലർട്ടാണ്. ബുധനാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്. കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ചൊവ്വാഴ്ച മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.