രാജമാണിക്യം

 
Kerala

ഹിമാചലില്‍ നിന്ന് വൈദ്യുതി വാങ്ങാമെന്ന് കെഎസ്ഇബി, സ്വകാര്യ കമ്പനി മതിയെന്ന് സര്‍ക്കാര്‍; രാജമാണിക്യത്തെ മാറ്റിയത് തർക്കത്തിനൊടുവിൽ

സ്വകാര്യകമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങുന്നത് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും രാത്രി മതിയായ വൈദ്യുതി കിട്ടില്ലെന്നുമാണ് രാജമാണിക്യം വാദിച്ചത്

Namitha Mohanan

കൊച്ചി: സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ തന്നെ കെഎസ്ഇബി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് എം.ജി. രാജമാണിക്യത്തെ മാറ്റിയതിന് പിന്നില്‍ വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട ഭിന്നതകളെന്ന് റിപ്പോര്‍ട്ട്. സർക്കാരിന്‍റെ മുൻകൂർ അനുമതിയില്ലാതെ ഹിമാചൽ പ്രദേശില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള രാജമാണിക്യത്തിന്‍റെ തീരുമാനം സർക്കാരിനെ ചൊടിപ്പിച്ചു.

ടെന്‍ഡറും റെഗുലേറ്ററി കമ്മിഷന്‍റെ അനുവാദവും ഇല്ലാതെ കൂടിയ വിലയ്ക്ക് സ്വകാര്യകമ്പനിയില്‍ നിന്ന് വൈദ്യുതി വാങ്ങാൻ സര്‍ക്കാര്‍ നീക്കം നടത്തിയെങ്കിലും രാജമാണിക്യം ഇത് എതിർത്തതോടെയാണ് കെഎസ്ഇബി ചെയർമാൻ സ്ഥാനത്ത് നിന്ന് രാജമാണിക്യത്തെ സർക്കാർ മാറ്റിയത്.

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാന്‍ ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങണമെന്നായിരുന്നു കെഎസ്ഇബിയുടെ നിര്‍ദേശം. ഈ കരാര്‍ പ്രകാരം ഒക്റ്റോബര്‍ 1 മുതല്‍ മേയ് വരെ കേരളത്തിന് വൈദ്യുതി ലഭിക്കുകയും പ്രതിസന്ധിക്ക് പരിഹാരമാവുകയും ചെയ്തേനെ. എന്നാൽ സർക്കാരിന്‍റെ താത്പര്യം സ്വകാര്യ കമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങാനായിരുന്നു.

ഹിമാചലിൽ നിന്ന് പീക്ക് അവറിൽ 800 മെഗാവാട്ടിനും 1280 മെഗാവാട്ടിനും ഇടയിൽ വൈദ്യുതി 14.5 രൂപയ്ക്ക് വാങ്ങിയാൽ 80 ശതമാനം വൈദ്യുതിയും രാത്രി കിട്ടുന്നതുകൊണ്ട് അതാണ് ലാഭമെന്ന് കെഎസ്ഇബി പറയുന്നു. പീക്ക് അവറിൽ യൂണിറ്റിന് 14.5 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുകയാണെങ്കിൽ നവംബർ - മാർച്ച് കാലയളവിലെ ആകെ ചെലവ് 1.281 കോടി രൂപയും 12.50 രൂപ നിരക്കിലാണെങ്കിൽ 1.105 കോടി രൂപയാകും. സ്വകാര്യ കമ്പനിയിൽ നിന്ന് മുഴുവൻ സമയം 500 മെഗാവാട്ട് വൈദ്യുതി വാങ്ങുകയാണെങ്കിൽ ഇത് 1.566 കോടി രൂപയാണ്. യൂണിറ്റ് അടിസ്ഥാന നിരക്കിലല്ല ഇതുരണ്ടും താരതമ്യം ചെയ്യേണ്ടതെന്നായിരുന്നു രാജമാണിക്യവും കെഎസ്ഇബിയും വാദിച്ചത്. എന്നാൽ സർക്കാർ ഇതിനെ എതിർത്തു.

ഇതിനിടെ വിവിധ കമ്പനികളില്‍നിന്നുള്ള വൈദ്യുതി വിറ്റഴിക്കുന്ന ജിഎന്‍എ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡില്‍ നിന്ന് സര്‍ക്കാരിന് ഒരു വാഗ്ദാനം ലഭിച്ചു. മാര്‍ച്ചുവരെ പകലും രാത്രിയിലുമായി 500 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് 8.63 രൂപയ്ക്ക് നല്‍കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍, കേരളത്തിന് പകല്‍ പുറത്തു നിന്നുള്ള വൈദ്യുതി ആവശ്യമില്ലാത്തതിനാൽ വൈദ്യുതി ഇടപാടില്‍ ഈ മാര്‍ച്ചു വരെ ജിഎന്‍എയ്ക്ക് 1566 കോടി നല്‍കേണ്ടിവരുമെന്ന് കാട്ടി രാജമാണിക്യം ഇതിനെ എതിർത്തു.

രാത്രിയില്‍ ജിഎന്‍എ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡില്‍ നിന്ന് വൈദ്യുതി കുറച്ചേ ലഭിക്കൂ. എന്നാല്‍, ഹിമാചലില്‍നിന്ന് രാത്രികാലത്തേക്ക് ആവശ്യമുള്ളത് വാങ്ങാനുള്ള ചെലവ് 1281 കോടി മാത്രമാണെന്നും എന്തുകൊണ്ടും ലാഭവും ഗുണവും ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങുന്നതാണെന്ന് രാജമാണിക്യം റിപ്പോർട്ട് നൽകി.

ഇത് വ്യക്തമാക്കി രാജമാണിക്യം 10 തവണയെങ്കിലും വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെ രാജമാണിക്യം സന്ദർശിച്ചിരുന്നു. എന്നാൽ അതിന് സർക്കാരിന് താത്പര്യമില്ലെന്നായിരുന്നു സണ്ണി ജോസഫിന്‍റെ പ്രതികരണം. മാത്രമല്ല, ജിഎന്‍എ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡില്‍ നിന്ന് വൈദ്യുതി വാങ്ങാനാണ് സർക്കാർ ആലോചനയെന്നും മന്ത്രി അറിയിച്ചു. എന്നാൽ റെഗുലേറ്ററി കമ്മിഷന്‍റെ അനുമതി ഇല്ലാത്തതിനാൽ ഇത് സാധിക്കില്ലെന്ന് രാജമാണിക്യം അറിയിക്കുകയായിരുന്നു. ഈ തർക്കത്തിനൊടുവിലാണ് രാജമാണിക്യത്തെ മാറ്റി എൻ. പ്രശാന്തിനെ കെഎസ്ഇബി ചെയർമാനാക്കിയതെന്നാണ് പുറത്തു വരുന്ന വിവരം.