കെഎസ്ആർടിസിക്ക് ടിക്കറ്റ് വിൽപ്പനയിൽ 10.64 കോടിയുടെ നേട്ടം
file image
തിരുവനന്തപുരം: ശബരിമല സീസണൊഴികെയുള്ള ദിവസങ്ങളിൽ ടിക്കറ്റ് വരുമാനത്തിൽ കെഎസ്ആർടിസിക്ക് രണ്ടാമത്തെ വലിയ നേട്ടം. വ്യാഴാഴ്ച 10.64 കോടി രൂപയുടെ വരുമാനമാണ് കോർപറേഷൻ സ്വന്തമാക്കിയത്. ഇതിൽ പ്രിയദർശിനി സർവീസുകളുടെ വരുമാനം മാറ്റിയാലും മറ്റ് സർവീസുകളിൽ നിന്നായി മാത്രം 7.33 കോടി രൂപ നേടാൻ കോർപറേഷന് കഴിഞ്ഞു.ഉത്സവ സീസണുകൾ ഫലപ്രദമായി ഉപയോഗപ്പെടുത്തിയതാണ് ഈ വലിയ വരുമാനത്തിന് കാരണമായത്.
വെറ്റ് ലീസ് ബസുകൾ കൂടി ഉൾപ്പെടുത്തിക്കൊണ്ട് അന്തർസംസ്ഥാന സർവീസുകൾ പരമാവധി ഓപ്പറേറ്റ് ചെയ്യാൻ കഴിഞ്ഞു. ഇതിലൂടെയാണ് ശരാശരി 5.77 കോടി രൂപയായിരുന്ന പ്രിയദർശിനി ഇതര സർവീസുകളുടെ വരുമാനം 7.33 കോടിയിലേക്ക് ഉയർന്നത്.കഴിഞ്ഞ വർഷം ഇതേ പൂജാ അവധിക്കാലത്തിന് ശേഷമുള്ള സമാന ദിവസത്തിൽ 9.41 കോടി രൂപയായിരുന്നു ആകെയുള്ള ടിക്കറ്റ് വരുമാനം. ഇക്കുറി ടിക്കറ്റ് വിൽപ്പനയിൽ 1.24 കോടി രൂപയിലധികം വർധനവ് ഉണ്ടായിട്ടുണ്ട്. പ്രിയദർശിനി സർവീസുകളെ മാറ്റി നിർത്തിയാലും മികച്ച വരുമാനം നേടാനായത് സാധാരണ സർവീസുകളിലുൾപ്പെടെ കെഎസ്ആർടിസി നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളുടെ നേട്ടമായാണ് കോർപറേഷൻ വിലയിരുത്തുന്നത്.
വ്യാഴാഴ്ച 4,612 ബസുകൾ ഉപയോഗിച്ച് 16.02 ലക്ഷം കിലോമീറ്ററാണ് കെഎസ്ആർടിസി സർവീസ് നടത്തിയത്. ഒരു കിലോമീറ്ററിന് ലഭിച്ച ശരാശരി വരുമാനം കഴിഞ്ഞ വർഷത്തെ 58.80 രൂപയിൽ നിന്ന് 66.44 രൂപയായി ഉയർന്നു. അതുപോലെ ഒരു ബസിൽ നിന്നുള്ള ശരാശരി വരുമാനവും 20,094 രൂപയിൽ നിന്ന് 23,215 രൂപയായി വർധിച്ചു.
ഒറ്റ ദിവസം കൊണ്ട് 30.61 ലക്ഷം യാത്രക്കാരാണ് കെഎസ്ആർടിസി ബസുകളെ ആശ്രയിച്ചത്. യാത്രക്കാരുടെ ആവശ്യകത മനസ്സിലാക്കി കൂടുതൽ സർവീസുകൾ ക്രമീകരിക്കാനും, ലഭ്യമായ ബസുകൾ കാര്യക്ഷമമായി ഉപയോഗിച്ച് വരുമാനം വർധിപ്പിക്കാനുമുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് കോർപറേഷന്റെ തീരുമാനം.