വെറ്റ് ലീസ് പദ്ധതിയിൽ അഞ്ച് പുതിയ ബസുകൾ നിരത്തിലിറക്കി കെഎസ്ആർടിസി
MV Graphics
തിരുവനന്തപുരം: വെറ്റ് ലീസ് പദ്ധതിയുടെ ഭാഗമായി അഞ്ച് പുതിയ ബസുകൾ നിരത്തിലിറക്കി കെഎസ്ആർടിസി. തിരുവനന്തപുരം–പാലക്കാട് റൂട്ടിൽ രണ്ട് സർവീസുകളും തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിലേക്കുള്ള ഒരു സർവീസുമാണ് പുതുതായി ആരംഭിച്ചത്.
രണ്ട് എസി ബസുകളും മൂന്ന് നോൺ എസി ബസുകളുമാണ് പുതിയതായി സർവീസിന് എത്തിച്ചത്. എസി ബസുകൾ ഉപയോഗിച്ചുള്ള പുതിയ സർവീസ് തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ 12.30ന് പുറപ്പെട്ട് രാവിലെ 9.40ന് പാലക്കാടെത്തും. മടക്ക സർവീസ് പാലക്കാട്ട് നിന്ന് ഉച്ചയ്ക്ക് 1.45ന് പുറപ്പെട്ട് രാത്രി 11.45ന് തിരുവനന്തപുരത്തെത്തും. ടിക്കറ്റ് നിരക്ക് 467 രൂപ.
നോൺ എസി ബസുകൾ ഉപയോഗിച്ചുള്ള മറ്റൊരു പാലക്കാട് സർവീസ് തിരുവനന്തപുരത്ത് നിന്ന് രാവിലെ 7.30ന് പുറപ്പെട്ട് വൈകിട്ട് 5.15ന് ലക്ഷ്യസ്ഥാനത്തെത്തും. മടക്കയാത്ര രാത്രി 10.45നാണ് ആരംഭിക്കുക. ടിക്കറ്റ് നിരക്ക് 411 രൂപ. അഞ്ചാമത്തെ നോൺ എസി ബസ് തിരുവനന്തപുരം–അമൃത ആശുപത്രി റൂട്ടിലാണ് സർവീസ് നടത്തുക. ടിക്കറ്റ് നിരക്ക് 276 രൂപയാണ്.
ദീർഘദൂര യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനും കെഎസ്ആർടിസി സർവീസുകൾ വിപുലീകരിക്കുന്നതിനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു. വെറ്റ് ലീസ് കരാർ പ്രകാരം സ്വകാര്യ ഉടമകളിൽ നിന്ന് ബസുകൾ ഡ്രൈവർമാർ, അറ്റകുറ്റപ്പണികൾ, മറ്റ് പ്രവർത്തന സഹായങ്ങൾ എന്നിവയുൾപ്പെടെ വാടകയ്ക്കെടുക്കും. എന്നാൽ സർവീസുകളുടെ നടത്തിപ്പ് കെഎസ്ആർടിസിക്കായിരിക്കും.