പത്മജ വേണുഗോപാൽ, പദ്മിനി തോമസ്, അലോഷ്യസ് സേവ്യർ

 
Kerala

ബിജെപിയിൽ നിന്ന് തിരിച്ചുവരുന്നവർക്ക് മുൻഗണന നൽകുന്നതിൽ കോൺഗ്രസിന് മുന്നറിയിപ്പുമായി കെഎസ്‌യു അധ്യക്ഷൻ

കോൺഗ്രസിലേക്ക് തിരിച്ചെത്തുന്നവർ ബൂത്ത് തലത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന് പാർട്ടി ഉറപ്പുവരുത്തണമെന്ന് അലോഷ്യസ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു

Sarath Nath MS

തിരുവനന്തപുരം: പത്മജ വേണുഗോപാൽ, പദ്മിനി തോമസ് എന്നിവർ ബിജെപി വിട്ട് കോൺഗ്രസിൽ തിരിച്ചെത്തുമെന്ന് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ പാർട്ടിക്ക് മുന്നറിയിപ്പുമായി കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. അടിത്തട്ടിൽ പ്രവർത്തനത്തിന് നിയോഗിക്കാതെ ഇത്തരക്കാർക്ക് ഉയർന്ന സ്ഥാനങ്ങളോ മുൻഗണനയോ നൽകരുതെന്ന് അലോഷ്യസ് വെള്ളിയാഴ്ച കോൺഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പ് നൽകി.

കോൺഗ്രസിലേക്ക് തിരിച്ചെത്തുന്നവർ ബൂത്ത് തലത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന് പാർട്ടി ഉറപ്പുവരുത്തണമെന്ന് അലോഷ്യസ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. വർഷങ്ങളോളം വിവിധ തലങ്ങളിൽ പ്രവർത്തിച്ച സാധാരണ പാർട്ടി പ്രവർത്തകരെ സ്ഥാനങ്ങളിലേക്കും ഉത്തരവാദിത്വങ്ങളിലേക്കും പരിഗണിക്കണം. 'ഘർ വാപസി' (വീട്ടിലേക്കുള്ള തിരിച്ചുവരവ്) കാലത്തിന് സാക്ഷ്യം വഹിക്കുകയാണ് കോൺഗ്രസ്. പാർട്ടിയിൽ ചേരാൻ സമൂഹത്തിന്‍റെ എല്ലാ തലങ്ങളിൽ നിന്നുമുള്ള ആളുകളെ ക്ഷണിക്കുന്നു. എന്നാൽ ചിലർക്ക് 'റെഡ് കാർപ്പറ്റ്' സമീപനവും പ്രത്യേക പരിഗണനയും നൽകുന്നതിൽ ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസ് അതിന്‍റെ മോശം ഘട്ടങ്ങളിലൊന്നിലൂടെ കടന്നുപോകുമ്പോഴാണ് പത്മജ പാർട്ടി വിട്ടതെന്ന് അലോഷ്യസ് പറഞ്ഞു. അതിനാൽ പാർട്ടിയിൽ തിരിച്ചുവരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ പാർട്ടി വിടുമ്പോൾ അവർ നടത്തിയ രണ്ട് പ്രസ്താവനകൾ തിരുത്തുകയും കോൺഗ്രസിനോടും പ്രവർത്തകരോടും മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തന്‍റെ പിതാവ് കരുണാകരൻ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അദ്ദേഹം ബിജെപിയിൽ ചേർന്നേനെ എന്നായിരുന്നു പത്മജയുടെ ഒരു പ്രസ്താവന. കോൺഗ്രസിലായിരിക്കുമ്പോൾ തനിക്ക് സ്വതന്ത്രമായി നെറ്റിയിൽ ചന്ദനക്കുറി തൊടാൻ സാധിച്ചിരുന്നില്ലെന്നും ബിജെപിയിൽ ചേർന്നതിന് ശേഷം അത്തരമൊരു പേടി ഇല്ലെന്നുമായിരുന്നു മറ്റൊന്ന്.