മലപ്പുറം: വഖഫ് ബോർഡിൽ പ്രാതിനിധ്യം ആവശ്യപ്പെട്ടു കൊണ്ട് കാന്തപുരം അബൂബക്കർ മുസ്ലിയാർ വിഭാഗം നടത്തിയ പ്രതിഷേധം ഫലം കണ്ടു. ബോർഡിൽ നിലവിൽ ഉള്ള ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ നേതാവായ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയുടെ രാജി ആവശ്യപ്പെടുമെന്നും ഈ ഒഴിവിൽ കാന്തപുരം വിഭാഗത്തിൽ നിന്നുള്ളയാളെ ഉൾപ്പെടുത്തുമെന്നുമാണ് സൂചന.
വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചപ്പോൾ കാന്തപുരം വിഭാഗത്തിന് പ്രാതിനിധ്യം ലഭിക്കാഞ്ഞതിൽ അംഗങ്ങൾ അതൃപ്തരായിരുന്നു. മറ്റേതെങ്കിലും പദവി നൽകിക്കൊണ്ട് അനുനയത്തിന് മുസ്ലീം ലീഗ് ശ്രമിച്ചുവെങ്കിലും കാന്തപുരം വഴങ്ങിയിരുന്നില്ല. മാത്രമല്ല ലീഗ് വിളിച്ചു ചേർന്ന മുസ്ലീം സംഘടനകളുടെ യോഗത്തിൽ നിന്ന് വിട്ടു നിൽക്കുമെന്നും വ്യക്തമാക്കിയിരുന്നു.
ഒക്റ്റോബർ 22ന് മുഴുവൻ ജില്ലാ ആസ്ഥാനങ്ങളിലും ബഹുജന പ്രക്ഷോഭങ്ങൾ നടത്താൻ കാന്തപുരം വിഭാഗം ഒരുങ്ങിയതോടെയാണ് ലീഗ് പ്രതിസന്ധിയിലായത്. ലീഗുമായി അടുക്കുന്ന കാന്തപുരം വിഭാഗത്തെ തെരുവിൽ ഇറക്കുന്നത് എൽഡിഎഫിന് അനുകൂല സാഹചര്യം ഉണ്ടാക്കുമെന്നാണ് നേതാക്കൾ മുന്നറിയിപ്പ് നൽകിയത്. മാത്രമല്ല കാന്തപുരം വിഭാദത്തിന്റെ ആവശ്യം ന്യായമാണെന്ന് കോൺഗ്രസ് നേതാക്കളും അഭിപ്രായപ്പെട്ടിരുന്നു.
മുസ്ലീം ലീഗ് നേതാവ് എം.സി. മായിൻ ഹാജിയാണ് വഖഫ് ബോർഡ് ചെയർമാൻ. കുറുക്കോളി മൊയ്തീൻ എംഎൽഎ, എംപി മുസ്തഫൽ ഫൈസി, എന്നിവരും ബോർഡിലുണ്ട്.