നിയമസഭയിലെ കൈയാങ്കളി: 11 വർഷത്തിനു ശേഷം വിചാരണ, നവംബറിൽ സാക്ഷി വിസ്താരം
തിരുവനന്തപുരം: നിയമസഭയിലെ കൈയാങ്കളിയുമായി ബന്ധപ്പെട്ട് പതിനൊന്ന് വർഷങ്ങൾക്ക് വിചാരണ നടപടികൾ ആരംഭിക്കുന്നു. തിരുവനന്തപുരം സിജെഎം കോടതിയിലാണ് വിചാരണ നടക്കുന്നത്. ആദ്യഘട്ടമായി രണ്ട് സാക്ഷികളെ വിസ്തരിക്കാനാണ് നീക്കം. നവംബർ മൂന്നിന് സാക്ഷികളെ വിസ്തരിക്കും. സംഭവം നടന്ന സമയത്തെ നിയമസഭാ സെക്രട്ടറിയായിരുന്ന ശാരങ്കധരൻ, സഭയിലെ ദൃശ്യങ്ങൾ പകർത്തിയ ഡിവിആർ കോപ്പി ചെയ്ത എൻജിനീയർ എന്നിവരെയാണ് ആദ്യം വിസ്തരിക്കുക.
2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ പ്രതിപക്ഷ എംഎൽഎമാർ നിയമസഭയിൽ സഭയിൽ അസാധാരണമായ രീതിയിൽ കോലാഹലം സൃഷ്ടിക്കുകയായിരുന്നു. സഭയുടെ ചരിത്രത്തിലെ ഏറ്റവും മോശം സംഭവമായാണ് ഇക്കാര്യം പരാമർശിക്കപ്പെടുന്നത്. പ്രതിപക്ഷ എംഎൽഎമാർ സഭയിലുണ്ടായിരുന്ന പൊതുമുതലുകൾ നശിപ്പിച്ചിരുന്നു. 2.20 ലക്ഷം രൂപയുടെ പൊതു മുതലാണ് നശിപ്പിക്കപ്പെട്ടത്.
സ്പീക്കറുടെ കസേര, കംപ്യൂട്ടറുകൾ, മൈക്ക്, ഇലക്‌ട്രോണിക് പാനലുകൾ എന്നിവയും നശിപ്പിച്ചിരുന്നു. കേസിലെ ഒന്നാം പ്രതിയായ കെ. അജിത്ത് ഇപ്പോൾ ബിജെപിയിലാണ്. മുൻ മന്ത്രി വി. ശിവൻകുട്ടി, ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, കെ.കുഞ്ഞഹമ്മദ്, സി.കെ. സദാശിവൻ എന്നിവർ കേസിൽ പ്രതികളാണ്.
എൽഡിഎഫ് അധികാരത്തിലേറിയപ്പോൾ കേസ് പിൻവലിക്കാൻ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചെങ്കിലും ഹർജികൾ തള്ളി. 2021 ജൂലൈയിൽ സുപ്രീം കോടതിയിൽ സമർപ്പിച്ച അപ്പീലും തള്ളിയിരുന്നു.