പന്നി കെണിയിൽ കുടുങ്ങിയ പുള്ളിപ്പുലി ചത്തു

 
Kerala

പന്നി കെണിയിൽ കുടുങ്ങിയ പുള്ളിപ്പുലി ചത്തു

കാട്ടുപന്നികളെ പിടികൂടാൻ കർഷകൻ സ്ഥാപിച്ച കെണിയിലാണ് പുലി കുടുങ്ങിയത്

Namitha Mohanan

കണ്ണൂർ: കാട്ടുപന്നികളെ പിടികൂടാൻ കർഷകൻ സ്ഥാപിച്ച കെണിയിൽ കുടുങ്ങിയ പുള്ളിപ്പുലി ചത്തു. കണ്ണൂർ മാലൂർ കെ.പി.ആർ. നഗറിലെ രാമകൃഷ്ണന്‍റെ കൃഷിയിടത്തിൽ ഇന്നലെ പുലർച്ചെയാണ് സംഭവം. കാട്ടുപന്നി നിരന്തരം കൃഷി നശിപ്പിച്ചതിനെ തുടർന്നാണ് കെണി സ്ഥാപിച്ചത്.

പുലർച്ചെ പ്രദേശവാസികൾ അസാധാരണ ശബ്ദം കേട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കെണിയിൽ പുലി കുടുങ്ങിയതായി കണ്ടെത്തിയത്. തുടർന്ന് കൊട്ടിയൂർ ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസിൽ വിവരം അറിയിച്ചു.

വനംവകുപ്പ് അധികൃതരെത്തി മയക്കുവെടിവച്ച് പുലിയെ പിടികൂടിയെങ്കിലും അൽപ്പസമയത്തിനുള്ളിൽ ചത്തു. പുലിക്കു പരുക്കേറ്റിരുന്നെന്ന് അധികൃതർ. കെണി സ്ഥാപിച്ച കർഷകനെതിരേ വനംവകുപ്പ് കേസെടുത്തു.