ചക്കക്കൊമ്പൻ

 
Kerala

"അവൻ ഉള്ളതു കൊണ്ട് കള്ളന്മാരുടെ ശല്യമില്ല"; ചക്കക്കൊമ്പനെ പേടിയില്ലെന്ന് നാട്ടുകാരി

സംരക്ഷിക്കാനാണ് അവൻ വരുന്നതെന്നാണ് ക‌രുതുന്നതെന്നും മറിയാമ്മ പറയുന്നു.

നീതു ചന്ദ്രൻ

ഇടുക്കി: ജനവാസ മേഖലയിൽ നിന്ന് ചക്കക്കൊമ്പൻ എന്ന കാട്ടാനയെ തുരത്തുന്നതിനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. കാട്ടാനയെ പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കുന്നതിനുള്ള ശ്രമം രണ്ടാം ദിവസവും തുടരുകയാണ്. എന്നാൽ ചക്കക്കൊമ്പൻ തന്നെ സംബന്ധിച്ച് ഒരു സംരക്ഷണമായിരുന്നുവെന്നാണ് നാട്ടുകാരിയായ മറിയാമ്മ പറയുന്നത്. 65കാരിയായ മറിയാമ്മ ബി.എൽ. റാം കോളനിയിലെ ഒരു ചെറിയ വീട്ടിൽ ഒറ്റയ്ക്കാണ് താമസം.

എനിക്ക് അവനെ ഭയമില്ല. കാരണം അവനീ വഴി വരുന്നതു കൊണ്ടാണ് കള്ളന്മാരുടെ ശല്യമില്ലാത്തതെന്നാണ് മറിയാമ്മ പറയുന്നത്. ചില ദിവസങ്ങളിൽ നാട്ടുകാർ തന്നെ വിളിച്ച് കാട്ടാന വരുന്നുണ്ട് ലൈറ്റുകൾ തെളിയിക്കാൻ പറയും. അപ്പോൾ ലൈറ്റ് തെളിയിച്ച് വാതിൽ അടച്ച് സുഖമായി കിടന്നുറങ്ങും. പിറ്റേന്ന് രാവിലെ എഴുന്നേൽക്കുമ്പോഴേക്കും ആന പോയിരിക്കും. എന്നെ സംരക്ഷിക്കാനാണ് അവൻ വരുന്നതെന്നാണ് ക‌രുതുന്നതെന്നും മറിയാമ്മ പറയുന്നു.

12 വയസുള്ളപ്പോഴാണ് മറിയാമ്മ തമിഴ്നാട്ടിൽ നിന്ന് അച്ഛനൊപ്പം ചിന്നക്കനാലിൽ എത്തുന്നത്. അഞ്ച് പതിറ്റാണ്ടുകൾക്ക് ശേഷവും അവർ അതേ സ്ഥലത്തു ‌തന്നെയാണ് ഭയമില്ലാതെ ജീവിക്കുന്നത്. രണ്ടു പേരക്കുട്ടികളുണ്ട്. രണ്ടു പേരും വിവാഹിതരാണ്. അവർ ആഴ്ച തോനും മറിയാമ്മയെ കാണാൻ എത്തും.