ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; ചുഴലിക്കാറ്റിനും മഴയ്ക്കും സാധ്യത

 
Kerala

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; ചുഴലിക്കാറ്റിനും മഴയ്ക്കും സാധ്യത

മധ്യ കിഴക്കൻ അറബിക്കടലിലും സമീപ വടക്കൻ ലക്ഷദ്വീപ് പ്രദേശങ്ങൾക്കും മുകളിൽ ചക്രവാതചുഴി തുടരുന്നുണ്ട്.

നീതു ചന്ദ്രൻ

അമരാവതി: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്ത് നവംബർ 17 വരെ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ഉൾക്കടലിലെ ന്യൂനമർദം ശനിയാഴ്ചയോടെ ശക്തി കൂടിയ ന്യൂനമർദമായും ഞായറാഴ്ചയോടെ തീവ്ര ന്യൂനമർദമായും പിന്നീട് വടക്ക് - വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങി, തിങ്കളാഴ്ച വൈകുന്നേരത്തോടെ മധ്യ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റായി കൂടുതൽ ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

മധ്യ കിഴക്കൻ അറബിക്കടലിലും സമീപ വടക്കൻ ലക്ഷദ്വീപ് പ്രദേശങ്ങൾക്കും മുകളിൽ ചക്രവാതചുഴി തുടരുന്നുണ്ട്. കടൽ പ്രക്ഷുബ്ധമായതിനാൽ ‌നവംബർ 17 വരെ ബംഗാൾ ഉൾക്കടലിൽ യാതൊരു കാരണവശാലും മൽസ്യബന്ധനത്തിനായി പോകാൻ പാടുള്ളതല്ലെന്നും ഈ പ്രദേശങ്ങളിൽ ആഴക്കടലിൽ മൽസ്യബന്ധനത്തിൽ ഏർപ്പെട്ടിട്ടുള്ള മൽസ്യത്തൊഴിലാളികൾ എത്രയും വേഗം കരയിലേക്ക് തിരിച്ചെത്തണമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.