എസ്എംഎ രോഗബാധിതരായ കുരുന്നുകളുടെ ചികിത്സയ്ക്കായി എം.എ. യൂസഫലിയുടെ ഇടപെടൽ; 2 കോടി രൂപ ചികിത്സാ സഹായം വീട്ടിലെത്തി കൈമാറി
കോഴിക്കോട്: എസ്എംഎ രോഗബാധിതരായ മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കാനുള്ള ചികിത്സാ സഹായദൗത്യത്തിന് പിന്തുണയുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. കോഴിക്കോട് കല്ലുരുട്ടി പൂവത്തിരിച്ചാലിലെ അരുൺ-ഷാൽമി ദമ്പതികളുടെ മക്കളായ ഡേവിഡ് മാഗ്നസ്, ഈഥൻ മോസസ്, ഒലിവർ ജോനോ എന്നിവരുടെ ചികിത്സയ്ക്കായി രണ്ട് കോടി രൂപയുടെ സഹായം എം.എ യൂസഫലി കൈമാറി.
എം.എ യൂസഫലിക്ക് വേണ്ടി ലുലു മീഡിയ ഹെഡ് എൻ.ബി സ്വരാജ്, കോഴിക്കോട് റീജണൽ ഡയറക്ടർ ഷെരീഫ് മാട്ടിൽ എന്നിവർ ചേർന്ന് ഉച്ചയോടെ വീട്ടിലെത്തിയാണ് രണ്ട് കോടിയുടെ ചെക്ക് കൈമാറിയത്. 50 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ചികിത്സാ ദൗത്യത്തിനായി ഒരു നാടൊന്നാകെ കൈകോർക്കുന്നതിന് ഇടയിലാണ് വാർത്ത ശ്രദ്ധയിൽപ്പെട്ട എം.എ യൂസഫലി വിഷയത്തിൽ അടിയന്തരമായി ഇടപെട്ടത്. ഉടൻ തന്നെ എം.എ യൂസഫലിയുടെ സഹായ പ്രഖ്യാപനം എത്തിയതായി ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എൻ.ബി.സ്വരാജ് പ്രതികരിച്ചു.
കുട്ടികൾക്ക് എത്രയും വേഗത്തിൽ മെച്ചപ്പെട്ട ചികിത്സ ലഭിച്ച് ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചെത്താൻ കഴിയട്ടെയെന്നും ഈ ദൗത്യത്തിൽ പങ്കാളികളാകുന്ന എല്ലാവരുടെയും കൂട്ടായ പരിശ്രമം വിജയത്തിലെത്തട്ടെയെന്നും എം.എ. യൂസഫലി ആശംസിച്ചതായും ലുലു മീഡിയ ഹെഡ് എൻ.ബി. സ്വരാജും കോഴിക്കോട് റീജണൽ ഡയറക്ടർ ഷെരീഫ് മാട്ടിലും പ്രതികരിച്ചു. എം.എ. യൂസഫലിയുടെ പ്രഖ്യാപനമെത്തുമ്പോൾ സമാഹരിച്ച തുക 27 കോടി രൂപയായിരുന്നു. തുക കൈമാറിയതോടെ അത് 38 കോടി വരെയെത്തി.
കുടുക്ക പൊട്ടിച്ചും ചലഞ്ചുകൾ സംഘടിപ്പിച്ചും വിവിധ മേഖലകളിൽനിന്ന് സഹായം സമാഹരിച്ചുമാണ് നാട്ടുകാർ കുട്ടികളുടെ ചികിത്സയ്ക്കുള്ള തുക കണ്ടെത്തുന്നത്. ഒരു കുട്ടിയുടെ ചികിത്സയ്ക്ക് ഏകദേശം 16.5 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മുൻപ് 30 കോടിയോളം തുക ജനകീയ പിന്തുണയോടെ സമാഹരിച്ചിരുന്നു. ശേഷിച്ച 20 കോടി രൂപയ്ക്കുള്ള സഹായമാണ് തുടരുന്നത്. ഇതിലേക്കുള്ള രണ്ട് കോടി രൂപയാണ് എം.എ. യൂസഫലി കൈമാറിയത്. കുട്ടികളുടെ വാർത്തയറിഞ്ഞ് തങ്ങളുടെ സങ്കടത്തിനൊപ്പം കൂടെ നിന്ന യൂസഫലി സാറിനോട് വാക്കുകൾക്കപ്പുറമായ നന്ദി അറിയിക്കുന്നതായി മാതാപിതാക്കളായ അരുൺ-ഷാൽമി എന്നിവർ പ്രതികരിച്ചു.