സാവിത്രി ശ്രീധരൻ
കോഴിക്കോട്: സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിൽ സൗബിൻ ഷാഹിറിന്‍റെ ഉമ്മയായി വേഷമിട്ടതിലൂടെ ശ്രദ്ധേയമായ നടി സാവിത്രി ശ്രീധരൻ (85) അന്തരിച്ചു. വാർധക‍്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാൾ കിടപ്പിലായിരുന്നു.
കോഴിക്കോട് മാങ്കാവിലെ വസതിയിൽ വച്ചായിരുന്നു അന്ത‍്യം. നാലര പതിറ്റാണ്ട് കാലം നാടകരംഗത്ത് സജീമവമായിരുന്നു നടി. ദേശീയ ചലചിത്ര അവാർഡിൽ പ്രത‍്യേക പരാമർശവും മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന ചലചിത്ര അവാർഡും നേടിയിട്ടുണ്ട്.
സുഡാനി ഫ്രം നൈജീരിയക്കു പുറമെ ഇട്ടിമാണി, പട, പപ്പൻ, മേരാ നാം ഷാജി, ഡാകിനി എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. അണിയറ എന്ന നാടകത്തിലെ അഭിനയത്തിന് സംഗീത നാടക അക്കാദമിയുടെ മികച്ച നടിക്കുള്ള പുരസ്കാരവും സംസ്ഥാന സർക്കാരിന്‍റെ മികച്ച നാടക നടിക്കുള്ള പുരസ്കാരവും സാവിത്രിയെ തേടിയെത്തി.
കോഴിക്കോട് മാങ്കാവിലെ വീട്ടിൽ വിശ്രമ ജീവിതം നയിക്കുമ്പോഴാണ് സംവിധായകനായ സക്കരിയ സുഡാനി ഫ്രം നൈജീരിയയിലെ വേഷത്തിനായി നടിയെ സമീപിക്കുന്നത്. ചിത്രത്തിൽ ജമീല എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്.