മുഖ്യമന്ത്രി വി.ഡി. സതീശൻ ജോസിൽ നിന്ന് പണം ഏറ്റു വാങ്ങുന്നു
തിരുവനന്തപുരം: ബസ് വാങ്ങാനായി കെഎസ്ആർടിസിക്ക് 40 ലക്ഷം രൂപ നൽകി അങ്കമാലി മൂക്കന്നൂർ സ്വദേശി ജോസ്. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിലാണ് 40 ലക്ഷം രൂപ മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറിയത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം.ജോൺ, ഗതാഗത മന്ത്രി സി.പി. ജോൺ എന്നിവരും സന്നിഹിതരായിരുന്നു. സംസ്ഥാനത്തിന്‍റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു സ്വകാര്യ വ്യക്തി കെഎസ്ആർടിസിക്ക് ബസ് വാങ്ങി നൽകുന്നത്.
അങ്കമാലി ഡിപ്പോക്ക് ബസ് നൽകണമെന്നും ജോസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതിരപ്പള്ളിയിൽ നിന്ന് തെക്കൻ കേരളവുമായി ബന്ധിപ്പിക്കുന്ന ബസ് സർവീസ് വേണമെന്നാണ് ആഗ്രഹമെന്നും ഹീമാൻ ഓട്ടോ റോബോ പാർക്ക് എന്ന കമ്പനി നടത്തുന്ന ജോസ് പറയുന്നു.
സർക്കാരിന്‍റെ നൂറു ദിന കർമ പദ്ധതിയുടെ ഭാഗമായി പൊതു ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി ബസുകൾ സ്പോൺസർ ചെയ്യാൻ കെഎസ്ആർടിസി അവസരം നൽകിയിരുന്നു. കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് നേരത്തേ കെഎസ്ആർടിസിക്ക് ഒരു ബസ് വാങ്ങാൻ പണം നൽകിയിരുന്നു.