മംഗളൂരു റെയ്ൽവേ സ്റ്റേഷൻ
ന്യൂഡൽഹി: മംഗളൂരു റെയ്ൽവേ മേഖല മുഴുവനായും സൗത്ത് വെസ്റ്റേൺ റെയ്ൽവേ സോണിന് കീഴിലാക്കാനുള്ള തീരുമാനം പ്രവർത്തനപരമായ പ്രശ്നങ്ങൾ പരിഹരിക്കാനാണെന്ന് കേന്ദ്ര റെയ്ൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. നേരത്തെ മംഗളൂരു റെയ്ൽവേ മേഖല മൂന്ന് വ്യത്യസ്ത സോണുകളിലായി വിഭജിക്കപ്പെട്ടിരുന്നത് ഗുരുതരമായ പ്രവർത്തന പ്രശ്നങ്ങൾക്ക് കാരണമായിരുന്നുവെന്ന് അശ്വിനി വൈഷ്ണവ് സമൂഹ മാധ്യമ കുറിപ്പിൽ പറഞ്ഞു. മംഗളൂരുവിനെ സൗത്ത് വെസ്റ്റേൺ റെയ്ൽവേ സോണിന് കീഴിൽ ആക്കാനുള്ള തീരുമാനം പ്രവർത്തനപരമായ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സതേൺ റെയ്ൽവേ സോണിന്‍റെ പാലക്കാട് ഡിവിഷന് കീഴിലുള്ള മംഗളൂരുവിനെ സൗത്ത് വെസ്റ്റേൺ സോണിന്‍റെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനാണ് റെയ്ൽവേ ബോർഡ് തീരുമാനമെടുത്തത്. ഒക്റ്റോബർ ഒന്ന് മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. ഇതിനെതിരേ കേരളത്തിൽ ശക്തമായ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര റെയ്ൽവേ മന്ത്രിയുടെ വിശദീകരണം.
മംഗളൂരു റെയ്ൽവേ മേഖല സൗത്ത് വെസ്റ്റേൺ സോണിലേക്ക് മാറ്റുന്നതും കേരളത്തിലെ റെയ്ൽവേ ശൃംഖലയുടെ വികസനവും സംബന്ധിച്ച് കേരളത്തിൽ നിന്നുള്ള എംപിമാരുമായി കൂടിക്കാഴ്ച നടത്തിയതായും അശ്വിനി വൈഷ്ണവ് അറിയിച്ചു.
സതേൺ റെയ്ൽവേ, സൗത്ത് വെസ്റ്റേൺ റെയ്ൽവേ, കൊങ്കൺ റെയ്ൽവേ കോർപ്പറേഷൻ ലിമിറ്റഡ് എന്നീ മൂന്ന് മേഖലകളിലായി മംഗളൂരു റെയ്ൽവേ മേഖല വിഭജിക്കപ്പെട്ടിരുന്നതുമൂലം നേരിട്ട പ്രവർത്തന പ്രശ്നങ്ങൾ റെയ്ൽവേ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലും വിശദീകരിച്ചു.
ഗോവ ഭാഗത്ത് നിന്നോ ഹാസൻ ഭാഗത്ത് നിന്നോ മംഗളൂരുവിലെത്തുന്ന ട്രെയ്നുകൾ സ്റ്റേഷനിലെത്തുന്നതിന് മുൻപ് മൂന്ന് പ്രവർത്തന മേഖലകളും ഇന്‍റർചേഞ്ച് പോയിന്‍റുകളും കടന്നുപോകേണ്ടിവന്നിരുന്നു. പ്രവർത്തന കാര്യക്ഷമത വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി മംഗളൂരു മേഖലയെ മുഴുവനായും ഒരൊറ്റ സോണായ സൗത്ത് വെസ്റ്റേൺ റെയ്ൽവേയ്ക്ക് കീഴിലാക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. പ്രവർത്തന മേഖലകളുടെ യുക്തിപൂർവമായ പുനഃക്രമീകരണമാണിതെന്നും ഇന്‍റർചേഞ്ച് പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും കാര്യക്ഷമത വർധിപ്പിക്കുന്നതിനുമായി റെയ്ൽവേ ശൃംഖലയിൽ കാലാകാലങ്ങളിൽ നടപ്പാക്കുന്ന അതിർത്തി പുനഃക്രമീകരണങ്ങളുടെ ഭാഗമാണിതെന്നും മന്ത്രാലയം വ്യക്തമാക്കി.
മംഗളൂരു മേഖലയെ മുഴുവനായും സൗത്ത് വെസ്റ്റേൺ റെയ്ൽവേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റുന്നതോടെ വ്യക്തമായ ഏകീകൃത പ്രവർത്തന അതിർത്തി നിലവിൽ വരും. ഇതുവഴി വിവിധ റെയ്ൽവേ സോണുകൾ തമ്മിലുള്ള ഇന്‍റർചേഞ്ച് സംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാനും ട്രെയ്ൻ സർവീസുകൾ കൂടുതൽ സുഗമമായും കാര്യക്ഷമമായും നടത്താനും കഴിയുമെന്ന് മന്ത്രാലയം പറഞ്ഞു.
അതേസമയം ചരക്ക് ഗതാഗതത്തിലൂടെ ഗണ്യമായ വരുമാനം ലഭിക്കുന്ന മംഗളൂരു മേഖലയെ സതേൺ റെയ്ൽവേയിൽ നിന്ന് സൗത്ത് വെസ്റ്റേൺ റെയ്ൽവേയിലേക്ക് മാറ്റുന്നതിനെ കേരളത്തിൽ നിന്നുള്ള നിരവധി എംപിമാർ എതിർത്തിട്ടുണ്ട്.