മാണി സി. കാപ്പൻ
തിരുവനന്തപുരം: കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിൽ ശിക്ഷിക്കപ്പെട്ട പാലാ എംഎൽഎ മാണി സി. കാപ്പനെ അയോഗ‍്യനാക്കണം എന്ന് പരാതി. പ്രവാസി വ‍്യവസായി ദിനേശ് മേനോന്‍റെ അഭിഭാഷകൻ ഇക്കാര‍്യം ചൂണ്ടിക്കാട്ടി സ്പീക്കർക്ക് കത്തയച്ചു. മാണി സി. കാപ്പനെ അയോഗ‍്യനാക്കണമെന്നും പാലാ സീറ്റ് ഒഴിവുള്ളതായി വിജ്ഞാപനം പുറപ്പെടുവിക്കണമെന്നുമാണ് കത്തിലെ ആവശ‍്യം.
എംഎൽഎയ്ക്ക് മൂന്നര വർഷത്തെ തടവ് ശിക്ഷയുള്ളതായും ശിക്ഷ ഒരുമിച്ച് അനുഭവിക്കാൻ കോടതി ഉത്തരവില്ലെന്നും പരാതിക്കാരൻ കത്തിൽ പറയുന്നു. മുംബൈ വ‍്യവസായി ദിനേശ് മേനോന്‍റെ പരാതിയിൽ മുംബൈ ബോറിവാലി മജിസ്ട്രേറ്റ് കോടതിയാണ് മാണി സി. കാപ്പനെ ശിക്ഷിച്ചത്. നാലു കേസുകളിലായി 5.3 കോടി രൂപ പലിശസഹിതം നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി ഉത്തരവ്. എന്നാൽ തന്‍റെ ഭാഗം കേൾക്കാതെയാണ് വിധി വന്നതെന്നും അപ്പീലിന് പോകുമെന്നുമായിരുന്നു എംഎൽഎ മാധ‍്യമങ്ങളോട് പ്രതികരിച്ചത്.