ഗജേന്ദ്ര പട്ടേൽ
ന്യൂഡൽഹി: ഹിന്ദുക്കൾ പറ്റാവുന്നത്ര ചെറുപ്പത്തിൽ വിവാഹം കഴിച്ച് അഞ്ച് കുട്ടികളെയെങ്കിലും ഉണ്ടാക്കണമെന്ന് ഉപദേശിച്ച് ബിജെപി എംപി ഗജേന്ദ്ര പട്ടേൽ. മറ്റു സമുദായങ്ങളെ അപേക്ഷിച്ച് ഹിന്ദു സമൂഹത്തിലെ ജനന നിരക്ക് കുറവാണെന്നും അതു പരിഹരിക്കുന്നതിനായി കൂടുതൽ കുട്ടികളെ ഉണ്ടാക്കണം എന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച ഒരു പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് ഖാർഗോൺ- ബർവാനി മണ്ഡലത്തിൽ നിന്നുള്ള എംപിയുടെ വിവാദ പരാമർശം. ഇന്നത്തെ കാലത്ത് 30,35,37 വയസിലൊക്കെയാണ് പലരും വിവാഹം കഴിക്കുന്നത്. അവർക്ക് ഒന്നിലധികം കുട്ടികൾ ഉണ്ടാകുകയുമില്ല. അതു കൊണ്ടാണ് സനാതനികളുടെ ജനനനിരക്ക് കുറഞ്ഞു വരുന്നത്.
മുൻപത്തെ തലമുറയിലുള്ളവർക്ക് അഞ്ചും ആറും ഏഴും കുട്ടികൾ വരെയുണ്ടായിരുന്നു. അന്നൊക്കെ എല്ലാവരും 20,21,22 വയസിലൊക്കെ വിവാഹം കഴിക്കാറുണ്ടെന്നും എംപി പറഞ്ഞു. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം മറ്റു സമുദായങ്ങളിലെ ജനനനിരക്ക് കൂടി പക്ഷേ ഒരു സമുദായത്തിലെ ജനന നിരക്ക് മാത്രം കുറഞ്ഞു.
ഇപ്പോൾ നാലു കുട്ടികളെ കണ്ടാൽ അതിൽ ഒരു കുട്ടി ഹിന്ദുവായിരിക്കും ബാക്കി മൂന്നു പേരും മറ്റു സമുദായങ്ങളിൽ നിന്നുള്ളവരായിരിക്കും. ഹിന്ദു യുവാക്കൾ ഇതൊക്കെ മനസിലാക്കി വൈകിയുള്ള വിവാഹത്തിൽ നിന്നും ചെറുകുടുംബം ഉണ്ടാക്കുന്നതിൽ നിന്നും മാറി ചിന്തിക്കണമെന്നും എംപി പറഞ്ഞു.