മുഹമ്മദ് റിയാസ്
കൊച്ചി: സിഎംആർഎൽ - എക്സാലോജിക് കേസില്‍ വീണ്ടും ചോദ്യം ചെയ്യലിലേക്ക് കടക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് (ഇഡി). മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടീസ് നൽകി. നിഖിൽ, ഷൈജൽ, ഹസൻ, വാരിസ് അടക്കമുള്ളവർക്കാണ് നോട്ടീസ് നൽകിയത്. വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ആദ്യ ഇസിഐആറിലാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
ഹൈക്കോടതി സ്റ്റേ ചെയ്തത് വിജിലൻസ് കേസിന്റെ നടപടികൾ മാത്രമെന്നാണ് ഇഡി അറിയിക്കുന്നത്. സിഎംആർഎൽ എക്സാലോജിക്കുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ആദ്യ ചോദ്യം ചെയ്യാനായി നോട്ടീസ് നൽകിയിട്ടുള്ളത്. ആദ്യ ഘട്ട കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും ഇഡി അറിയിച്ചു. അതേസമയം,
വ്യാഴാഴ്ച ഹാജരാകാൻ ആകില്ലെന്ന് റിയാസിന്റെ സുഹൃത്ത് വാരിഷ് ഇഡിയെ അറിയിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം തേടി കൊണ്ട് ഇഡിയ്ക്ക് വാരിഷ് മറുപടി നൽകി. അപകടം പറ്റി ചികിത്സയിൽ ആയതിനാൽ കൂടുതൽ സാവകാശം വേണമെന്നാണ് വാരിഷിന്റെ ആവശ്യം. ഹൈക്കോടതിയിലെ കേസിന്റെ സ്റ്റേയും മറുപടിയിൽ ചൂണ്ടിക്കാട്ടി. ഷൈജലും വ്യാഴാഴ്ച ഹാജരാകില്ല. അടിയന്തര യാത്രയായതിനാൽ കൂടുതൽ സാവകാശം വേണമെന്നാണ് ഷൈജല്‍ മറുപടി നൽകിയിരിക്കുന്നത്.
നേരത്തെ ടി. വീണയെ അടക്കം ചോദ്യം ചെയ്തിരുന്നു. കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ വീണയുടെ വീട്ടിൽ നിന്ന് ഡയറി പിടിച്ചെടുത്തിരുന്നു.
ഈ ഡയറിയിൽ ഹസൻ വാരിസ് അടക്കമുള്ളവരുടെ പേരുകൾ ഉണ്ടായിരുന്നു. പണം കൈമാറിയതിന്റെ വിവരങ്ങളും ഇതിലുണ്ടെന്നാണ് ഇഡിയുടെ കണ്ടത്തൽ. ഒന്നാം കുറ്റപത്രം സമർപ്പിക്കുന്നതിന്റെ ഭാഗമായാണ് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.
കേസിൽ അന്വേഷണം തുടരാമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നിയമപദേശം ലഭിച്ചിരുന്നു. നേരത്തെ സർക്കാർ രജിസ്റ്റർ ചെയത് രണ്ട് എഫ്ഐആറുകൾ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മുൻമന്ത്രി മുഹമ്മദ് റിയാസ്, ടി വീണ എന്നിവർക്കെതിരെയുള്ള വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് സ്റ്റേ നൽകിയത്. എന്നാൽ എഫ്ഐആർ റദ്ദ് ചെയ്യാത്ത പശ്ചാത്തലത്തിൽ ഇഡി രജിസ്റ്റർ ചെയ്ത ഇസിഐആറുമായി മുന്നോട്ടുപോകാമെന്നായിരുന്നു ഇഡിയ്ക്ക് ലഭിച്ച നിയമപദേശം.