Kerala

പ്രാദേശിക കാലാവസ്ഥാ പ്രവചനം ഇനി സ്കൂളുകളിലൂടെ; രാജ്യത്തെ ആദ്യ കേന്ദ്രം അടൂരിൽ

പത്തനംതിട്ട : രാജ്യത്ത് ആദ്യമായി സ്‌കൂളുകളില്‍ കാലാവസ്ഥാ നിരീക്ഷണ നിലയങ്ങള്‍ സ്ഥാപിക്കപ്പെട്ട സംസ്ഥാനം എന്ന ഖ്യാതി കേരളം നേടി. അടൂര്‍ ഗവണ്‍മെന്‍റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി  സ്‌കൂളില്‍ സമഗ്രശിക്ഷാ കേരളയുടെ (എസ്എസ്‌കെ) ആഭിമുഖ്യത്തില്‍ കാലാവസ്ഥാനിലയം സജ്ജമാക്കിയതോടെയാണ് ഈ നേട്ടം.

ശാസ്ത്രീയ ഉപകരണങ്ങളുടെയും സാങ്കേതിക വിദ്യയുടെയും സഹായത്തോടെ ഒരുക്കിയ കേന്ദ്രത്തിൽ നിന്ന് വിദ്യാര്‍ഥികള്‍ ഇനിമുതല്‍ പ്രദേശത്തെ കാലാവസ്ഥാ ദിനാന്തരീക്ഷസ്ഥിതി മനസിലാക്കുകയും ഡേറ്റകള്‍ തയാറാക്കുകയും സാമൂഹ്യ മാധ്യമങ്ങളിലൂടെ അത്‌ പൊതുജനങ്ങളെ അറിയിക്കുകയും ചെയ്യും. സ്‌കൂളിലെ സമഗ്രശിക്ഷാ കേരളയുടെ ധനസഹായത്തോടെയാണ് കാലാവസ്ഥാ പ്രവചനനിലയം നിര്‍മിച്ചത്. ഓരോ നഗര - ഗ്രാമ പ്രദേശങ്ങളിലുമുള്ള കൂടുതൽ വിദ്യാലയങ്ങളില്‍ ഈ സംവിധാനം നിലവില്‍ വരുന്നതോടു കൂടി പ്രാദേശികമായിത്തന്നെ കൃത്യമായ കാലാവസ്ഥാ പ്രവചനം സാധ്യമാവും. വിദ്യാലയങ്ങളിലെ ഭൂമിശാസ്ത്ര അധ്യാപകരെയാണ് സ്റ്റേഷന്‍റെ ചുമതലക്കാരായി നിയോഗിച്ചിരിക്കുന്നത്. സൂക്ഷ്മ തലത്തില്‍ കാലാവസ്ഥ മനസിലാക്കാനും ഒരു പ്രത്യേക പ്രദേശത്തെ മാറ്റങ്ങള്‍ തിരിച്ചറിയാനും വിദ്യാര്‍ഥികളെ പ്രാപ്തരാക്കുക എന്നതാണ് ഇതിന്‍റെ വിദ്യാഭ്യാസപരമായ ലക്ഷ്യം.

കാറ്റിന്‍റെ വേഗത, ദിശ, അന്തരീക്ഷ മര്‍ദം, മഴയളവ് തുടങ്ങിയവ സ്റ്റേഷനില്‍ കുട്ടികള്‍ ഓരോ ദിവസവും നിരീക്ഷിച്ച് രേഖപ്പെടുത്തും. ഇതിനായി മഴമാപിനി, അനിമോമീറ്റര്‍, വിന്‍ഡ് വെയ്ന്‍, വെറ്റ് ആന്റ് ഡ്രൈ ബള്‍ബ് തെര്‍മോ മീറ്റര്‍, മോണിറ്റര്‍, വെതര്‍ ഡാറ്റാബുക്ക് തുടങ്ങി 13 ഉപകരണങ്ങളാണ് പദ്ധതിയുടെ ഭാഗമായി സജ്ജീകരിച്ചിട്ടുള്ളത് . പൊതുസമൂഹത്തിന് കൂടി ഗുണപ്രദമാകുന്ന വെതര്‍ സ്റ്റേഷനുകള്‍ പത്തനംതിട്ട ജില്ലയിലെ ആറു വിദ്യാലയങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ അനുവദിക്കപ്പെട്ടത്.

ജില്ലാതലത്തില്‍ ആദ്യം പ്രവര്‍ത്തന സജ്ജമായത് അടൂരാണ്. മറ്റു വിദ്യാലയങ്ങളിലും വൈകാതെ വെതര്‍ സ്റ്റേഷനുകള്‍ പ്രവര്‍ത്തന സജ്ജമാകും. വിദ്യാലയങ്ങളെ കേവലം അറിവിന്‍റെ വിതരണ കേന്ദ്രങ്ങള്‍ എന്നതിനപ്പുറം ജ്ഞാനോത്പാദന കേന്ദ്രങ്ങളായി ഉയര്‍ത്തുകയും, അവിടെ ഉത്പാദിപ്പിക്കപ്പെടുന്ന അറിവ് സമൂഹത്തിന്‍റെ ഗുണത്തിനായി ഉപകരിക്കപ്പെടുകയും വേണം എന്ന സംസ്ഥാന സര്‍ക്കാരിന്‍റെ നോളജ് ഇക്കോണമി എന്ന ആശയം മുൻനിർത്തിയാണ് സ്‌കൂൾ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ ആരംഭിക്കുന്നത്.

2018ലെയും 2019ലെയും പ്രളയക്കെടുതിയുടെ ഘട്ടത്തിലാണ് സര്‍ക്കാര്‍ ഈ ആശയം മുന്നോട്ടു വച്ചതും എസ്എസ്‌കെയുടെ പദ്ധതിയാക്കി മാറ്റിയതും. ഇതിലൂടെ രാജ്യത്ത് ആദ്യമായി സ്‌കൂളുകളില്‍ കാലാവസ്ഥാ നിരീക്ഷണ നിലയങ്ങള്‍ സ്ഥാപിക്കപ്പെട്ട സംസ്ഥാനം എന്ന ബഹുമതിയും കേരളം നേടുകയാണ്.

ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ കേന്ദ്രം ഉദ്ഘാടനം ചെയ്തു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആര്‍. തുളസീധരന്‍പിള്ള, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുശീല കുഞ്ഞമ്മകുറുപ്പ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീനാദേവി കുഞ്ഞമ്മ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.ബി. ബാബു, ഗ്രാമപഞ്ചായത്തംഗം ശരത് ചന്ദ്രന്‍, പ്രിന്‍സിപ്പല്‍ സജി വറുഗീസ്, ഹെഡ്മാസ്റ്റര്‍ എ. മന്‍സൂര്‍, പിടിഎ പ്രസിഡന്‍റ് അഡ്വ. കെ.ബി. രാജശേഖരക്കുറുപ്പ്, സ്‌കൂള്‍ ചെയര്‍മാന്‍ അഭയ് കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

യുവാക്കൾക്കും പുതുമുഖങ്ങൾക്കും മുൻഗണന; പുനഃസംഘടനയ്‌ക്കൊരുങ്ങി കെപിസിസി

ജല അതോറിറ്റി പൈപ്പിടാൻ കുഴിച്ച കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ചു

6 വയസുകാരനെക്കൊണ്ട് അശ്ലീല വീഡിയോ ചിത്രീകരിപ്പിച്ചു; ആൺസുഹൃത്തിനും അമ്മയ്ക്കുമെതിരെ കേസ്

ആലപ്പുഴയിലും പത്തനംതിട്ടയിലും വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു

കോട്ടയം എം.സി റോഡിൽ നിയന്ത്രണം വിട്ട ബസ് വഴിയാത്രക്കാരിയെ ഇടിച്ച് വീഴ്ത്തി