"മില്‍മയുടെ വാര്‍ഷികാഘോഷ സമ്മാനം"; ജാഗ്രതാ നിർദേശവുമായി മിൽമ
തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളില്‍ "മില്‍മയുടെ വാര്‍ഷികാഘോഷ സമ്മാനം" എന്ന പേരില്‍ പ്രചരിക്കുന്ന വാട്സ്ആപ്പ് സന്ദേശവും ലിങ്കും വ്യാജമാണെന്ന് മില്‍മ അധികൃതര്‍. ഇത്തരം വ്യാജസന്ദേശങ്ങളാല്‍ കബളിക്കപ്പെടാതിരിക്കാന്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.
വാട്സ്ആപ്പ് വഴി പ്രചരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ നല്‍കിയ വ്യക്തികള്‍ക്ക് അക്കൗണ്ടിലെ പണം നഷ്ടപ്പെട്ടതായി മില്‍മയ്ക്ക് പരാതി ലഭിച്ചിരുന്നു. 46 വര്‍ഷത്തെ പാരമ്പര്യമുള്ള മില്‍മയുടെ പ്രശസ്തിക്കും വിശ്വാസ്യതയ്ക്കും കളങ്കമുണ്ടാക്കുന്ന രീതിയില്‍ തെറ്റിദ്ധാരണ പരത്തുന്ന വാട്സ്ആപ്പ് സന്ദേശവും ലിങ്കും സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും നീക്കം ചെയ്യാന്‍ നിയമ നടപടി സ്വീകരിക്കും. പരാതി മില്‍മ അധികൃതര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.
വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളും വ്യക്തികളും വഴിയാണ് വ്യാജസന്ദേശം പ്രചരിച്ചത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മില്‍മയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെ ഈ സന്ദേശവും ലിങ്കും വ്യാജമാണെന്നും അത് ഫോര്‍വേഡ് ചെയ്യരുതെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.