പ്രതി സുഹൈൽ സജീവ്| അപകടത്തിൽ മരിച്ച ദേവിക, ഗോപിക, ഇയാസ്.

 
Kerala

മിനി കൂപ്പർ വാഹനാപകടം; പ്രതിക്ക് മദ്യം നൽകിയ 3 ബാറുകൾക്കെതിരേ എക്സൈസ് കേസ് എടുത്തു

19 വയസുകാരന് മദ്യം നൽകിയതിലാണ് കേസ്

Namitha Mohanan

കൊച്ചി: നെടുമ്പാശേരിയിൽ മിനി കൂപ്പറിടിച്ച് 3 പേർ മരിച്ച സംഭവത്തിൽ പ്രതി വാഹനം ഓടിച്ച സുഹൈൽ സജീവ് മദ്യപിച്ച ബാറുകൾക്കെതിരേ എക്സൈസ് കേസെടുത്തു. 3 ബാറുകൾക്കെതിരേയാണ് കേസ്. എറണാകുളം എക്സൈസ് ഡിസിയുടെ നേതൃത്വത്തിലാണ് നടപടി. 19 വയസുള്ളവർക്ക് മദ്യം നൽകി എന്നതാണ് കുറ്റം. ബാർ ലൈസൻസ് റദ്ദാക്കലോ പിഴ ചുമത്തലോ ആകും നടപടി.

മൂന്നുപേർ കൊല്ലപ്പെട്ട നെടുമ്പാശേരി മിനി കൂപ്പർ അപകടക്കേസിൽ വാഹനത്തിന്‍റെ ഇവന്‍റ് ഡേറ്റ റെക്കോഡർ പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. അപകട സമയത്ത് വാഹനത്തിന്‍റെ വേഗം എത്രയായിരുന്നുവെന്ന് ഇഡിആറിൽ നിന്ന് കണ്ടെത്താനാവും. അപകടമുണ്ടാകുമ്പോൾ, ബ്രേക്ക് ചവിട്ടിയിരുന്നെങ്കിൽ അതും അറിയാനാകും. ബിഎംഡബ്യൂവിൽ നിന്ന് മെക്കാനിക്കുകളെ എത്തിച്ചാണ് പൊലീസ് ഇഡിആർ ശേഖരിക്കുക.

ഞായറാഴ്ച പുലർച്ചെ 2 മണിയോടെയാണ് ദാരുണമായ സംഭവവുണ്ടായത്. സ്കൂട്ടർ യാത്രക്കാരായ വയനാട് സ്വദേശിനി ദേവിക (21), പാലക്കാട് സ്വദേശിനി ഗോപിക (22), സൗത്ത് കർണാടക സ്വദേശി ഇയാസ് (21) എന്നിവരാണ് മരിച്ചത്. പ്രതിക്കെതിരേ പൊലീസ് നരഹത്യ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.