എം. ലിജു

 
Kerala

ബാറിൽ മദ്യപിക്കാൻ ആധാർ: പ്രസ്താവന വളച്ചൊടിച്ചതെന്ന് മന്ത്രി ലിജു

23 വയസില്‍ താഴെ പ്രായമെന്ന് സംശയിക്കുന്നവരുടെ പ്രായം പരിശോധിക്കണമെന്നായിരുന്നു താൻ പറഞ്ഞതെന്നും മന്ത്രി

Thiruvananthapuram Bureau

തിരുവനന്തപുരം: മദ്യപിക്കാന്‍ ബാറില്‍ എത്തുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്ന തരത്തില്‍ വന്ന വാര്‍ത്ത വളച്ചൊടിച്ചതെന്ന് എക്‌സൈസ് മന്ത്രി എം. ലിജു. 23 വയസില്‍ താഴെ പ്രായമെന്ന് സംശയിക്കുന്നവരുടെ പ്രായം പരിശോധിക്കണമെന്നായിരുന്നു താൻ പറഞ്ഞതെന്നും മന്ത്രി മാധ്യമങ്ങളോട് വിശദീകരിച്ചു.

എല്ലാവരുടെയും ആധാര്‍ കാര്‍ഡ് പരിശോധിക്കാനല്ല പറഞ്ഞത്. പ്രായം കുറഞ്ഞയാളാണ് എന്ന് തോന്നിയാല്‍ ഐഡി കാര്‍ഡ് പരിശോധിക്കണമെന്നാണെന്നും മന്ത്രി. 17, 18 വയസുള്ള കുട്ടികള്‍ മദ്യപിച്ച് വാഹനമോടിച്ച് നാട്ടില്‍ കുടുംബങ്ങളെ അനാഥമാക്കുമ്പോള്‍ ഇക്കാര്യത്തില്‍ ബാറുകള്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് പറഞ്ഞത്. പ്രായം തികഞ്ഞിട്ടില്ലെന്ന് തോന്നുമ്പോള്‍ പ്രായം പരിശോധിച്ച് മാത്രമേ ചെയ്യാവൂവെന്ന് പറയുമ്പോള്‍ വാര്‍ത്ത കൊടുക്കുന്നത് വേറെ രീതിയില്‍ ആണെന്നും മന്ത്രി.

''നിങ്ങളുടെ മുന്നില്‍ ഒരു കാര്യം പറയുമ്പോള്‍ അത് എഡിറ്റേഴ്‌സ് ഡെസ്‌ക് തെറ്റായി വ്യാഖ്യാനിച്ചാല്‍, തെറ്റായി ഒരു കാര്‍ഡ് ചെയ്താല്‍, നിങ്ങളാണ് പറയേണ്ടത് ഇങ്ങനെയല്ല എന്ന്. കേരളത്തില്‍ എഴുപത് വയസുകാരന്‍റെ ഐഡി കാര്‍ഡ് മേടിക്കണമെന്ന് ഞാന്‍ പറഞ്ഞുവെന്ന് പറഞ്ഞാല്‍ പറയുന്നയാളുടെ കോമണ്‍ സെന്‍സ് ഇല്ലായ്മയായിട്ടാണ് ചിത്രീകരിക്കുക. അതുകൊണ്ട് പറയുന്നത് കൊടുക്കുമ്പോള്‍ അതിന്‍റെ സ്പിരിറ്റില്‍ എടുക്കണം''- എം. ലിജു വ്യക്തമാക്കി.