പി.സി. വിഷ്ണുനാഥ്
തിരുവനന്തപുരം: തലസ്ഥാനത്തെ മാനവീയം വീഥിയിൽ ഗായിക പുഷ്പവതി പങ്കെടുക്കുന്ന സംഗീത പരിപാടിക്ക് അനുമതി നിഷേധിച്ച കോർപ്പറേഷൻ തീരുമാനം പുനപരിശോധിക്കണമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്.
മലയാളത്തിലെ മികച്ച ഗായികയാണ് പുഷ്പവതിയെന്നും കേരള സംഗീത നാടക അക്കാഡമിയുടെ വൈസ് ചെയർപേഴ്സൺ കൂടിയായിരുന്നു അവരെന്നും മന്ത്രി കൂട്ടിച്ചേർത്തു. മാനവീയം വീഥിയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ശനിയാഴ്ച സംഗീത പരിപാടി നടത്താൻ നിശ്ചയിച്ചിരുന്നത്. കാരണം വ‍്യക്തമാക്കാതെ മേയർ അപേക്ഷ തള്ളിയെന്നും ആരോപണമുണ്ട്. അടുത്തിടെ മാനവീയം വീഥിയിൽ മുഖ‍്യതെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിനെതിരേ പ്രതിഷേധിച്ചവർക്കെതിരേ കേസെടുത്തിരുന്നു.
ഇതിനു പിന്നാലെയാണ് സംഗീത പരിപാടിക്ക് അനുമതി നിഷേധിച്ചിരിക്കുന്നത്. എന്നാൽ മാനവീയം വീഥിയിൽ സാംസ്കാരിക പരിപാടികൾ കൂടുതൽ നടത്തുമെന്നും രജത ജൂബിലി ആഘോഷിക്കാൻ ഒരു കമ്മിറ്റിയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നുമാണ് മേയർ പറയുന്നത്.