എംഎ എൻജിനീയറിങ് കോളെജിലെ പുതിയ കോഴ്സുകളുടെ ഉദ്ഘാടനം നിർവഹിച്ച് മന്ത്രി രമേശ് ചെന്നിത്തല

 
Kerala

എംഎ എൻജിനീയറിങ് കോളെജിലെ പുതിയ കോഴ്സുകളുടെ ഉദ്ഘാടനം നിർവഹിച്ച് മന്ത്രി രമേശ് ചെന്നിത്തല

"എഐ തൊഴിൽമേഖലയെ ഇല്ലാതാക്കുമെന്നതിനേക്കാൾ അത് ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ച് ഗൗരവമായ ചർച്ച ചെയ്ത് അതിനനുസരിച്ച് തയ്യാറെടുക്കുകയുമാണ് ചെയ്യേണ്ടത്"

Local Desk

കോതമംഗലം: മാർ അത്തനേഷ്യസ്കോളേജ് ഓഫ് എൻജിനീയറിങ്ങിൽ ആരംഭിച്ച ഡാറ്റ സയൻസ്, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആൻഡ് മെഷീൻ ലേണിങ് കോഴ്സുകളുടെ ഔദ്യോഗിക ഉദ്ഘാടനം കേരള സർക്കാരിന്‍റെ ആഭ്യന്തര, വിജിലൻസ്, അഗ്നിരക്ഷാ, ജയിൽ, കയർ വകുപ്പുകളുടെ മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു.

മാറിവരുന്ന സാങ്കേതികവിദ്യകൾക്കും വ്യവസായമേഖലയുടെ ആവശ്യങ്ങൾക്കും അനുസൃതമായി അക്കാദമിക പഠനമേഖല വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി കോളെജ് ആരംഭിച്ച ഈ കോഴ്സുകൾ സ്ഥാപനത്തിന്‍റെ അക്കാദമിക മുന്നേറ്റത്തിലെ ശ്രദ്ധേയമായ ചുവടുവയ്പ്പാണ് എന്ന് അദ്ദേഹം തന്‍റെ ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. കേരളത്തിന്‍റെ പുരോഗതിയിൽ മാർ അത്തനേഷ്യസ് എൻജിനീയറിംഗ് കോളെജ് വഹിച്ചിട്ടുള്ള നിർണായക പങ്കിനെ മന്ത്രി അനുസ്മരിക്കുകയും കാലികപ്രസക്തിയുള്ള അക്കാദമിക പ്രോഗ്രാമുകൾ നടപ്പാക്കിയതിന് കോളെജ് അധികൃതരെ അഭിനന്ദിക്കുകയും ചെയ്തു.

ദൈനംദിന ജീവിതം മുതൽ സ്വയംനിയന്ത്രിത വാഹനങ്ങൾ, റോബോട്ടിക് ശസ്ത്രക്രിയ തുടങ്ങിയ മേഖലകൾ വരെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ സ്വാധീനം വ്യാപിക്കുന്ന സാഹചര്യത്തിൽ ഈ നൂറ്റാണ്ടിലെ സാങ്കേതിക വിപ്ലവത്തെ സംസ്ഥാനം സജീവമായി ഏറ്റെടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ആർട്ടിഫിഷ്യൽ ഇൻറലിജൻസിനെ അമിതമായി ആശ്രയിക്കുന്നത് സ്വന്തം ബുദ്ധിശേഷി ഉപയോഗിക്കുന്നതിനു പകരം യന്ത്രങ്ങളെ ആശ്രയിക്കുന്ന പ്രവണതയ്ക്ക് വഴിവെക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ആർട്ടിഫിഷ്യൽ ഇൻറലിജൻസ് തൊഴിൽമേഖലയെ ഇല്ലാതാക്കുമെന്നതിനേക്കാൾ, അത് ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ച് ഗൗരവമായ ചർച്ചകൾ നടത്തുകയും അതിനനുസരിച്ച് തയ്യാറെടുക്കുകയും ചെയ്യേണ്ടതിന്‍റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

എംഎ കോളെജ് അസോസിയേഷൻ ചെയർമാൻ ഡോ. മാത്യൂസ് മാർ അഫ്രേം അനുഗ്രഹ പ്രഭാഷണം നടത്തി. പുതിയ അക്കാദമിക പ്രോഗ്രാമുകൾ ഭാവിയെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാട് രൂപപ്പെടുത്താൻ സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സാങ്കേതികവിദ്യയിലെ പുതിയ മേഖലകളിൽ കാലാനുസൃതമായ കോഴ്‌സുകൾ നടപ്പാക്കേണ്ടതിന്‍റെ ആവശ്യകത എംഎ കോളെജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് ചൂണ്ടിക്കാട്ടി.

ലഹരിവസ്തുക്കളുടെ ദുരുപയോഗം സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ച് വിദ്യാർഥികളിലും രക്ഷിതാക്കളിലും അവബോധം വളർത്തേണ്ടതിന്‍റെയും വിദ്യാർഥികൾക്ക് ഫലപ്രദമായ മാർഗനിർദേശം നൽകേണ്ടതിന്‍റെയും പ്രാധാന്യവും അദ്ദേഹം ഓർമിപ്പിച്ചു.

കോളെജ് പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ് സ്വാഗതം ആശംസിച്ചു. 'പ്രായോഗിക അനുഭവങ്ങളിലൂടെ പഠനം' എന്ന സമീപനത്തിലൂടെ അനുഭവാധിഷ്ഠിത പഠനത്തിന് കോളേജ് നൽകുന്ന പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു. സിലബസ് അനുസരിച്ചുള്ള പഠനം കൂടാതെ, വിദ്യാർഥികളിൽ നിന്ന് നൂതന ആശയങ്ങൾ പ്രാവർത്തികമാക്കുന്നവരെയും സംരംഭകരെയും തൊഴിൽദാതാക്കളെയും വളർത്തിയെടുക്കാൻ കോളെജിന് തുടർന്നും കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗം മേധാവി ഡോ. ജിഷ പി. എബ്രഹാം നന്ദി രേഖപ്പെടുത്തി.

അക്കാദമിക മികവിന്‍റെയും നേട്ടങ്ങളുടെയും പാരമ്പര്യമുള്ള മാർ അത്തനേഷ്യസ് കോളേജ് ഓഫ് എൻജിനീയറിങ് കേരളത്തിലെ പ്രമുഖ സ്വയംഭരണ എൻജിനീയറിങ് സ്ഥാപനങ്ങളിലൊന്നാണ്. പരിചയസമ്പന്നരായ അധ്യാപകർ, ആധുനിക അടിസ്ഥാനസൗകര്യങ്ങൾ, ഗവേഷണപ്രവർത്തനങ്ങൾ, വിദ്യാർഥികളുടെ മികച്ച നേട്ടങ്ങൾ എന്നിവയുടെ പിന്തുണയോടെ ഗുണമേന്മയുള്ള സാങ്കേതിക വിദ്യാഭ്യാസത്തിനാണ് കോളെജ് പ്രാധാന്യം നൽകിവരുന്നത്.

പുതിയ അക്കാദമിക പ്രോഗ്രാമുകൾ സാങ്കേതികമാറ്റങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് ഭാവിയിലെ എൻജിനീയറിങ്-സാമൂഹിക മേഖലകളിൽ ക്രിയാത്മകമായി സംഭാവന നൽകാൻ കഴിവുള്ള ബിരുദധാരികളെ വാർത്തെടുക്കാനുള്ള കോളെജിന്‍റെ പ്രതിബദ്ധതയുടെ ഭാഗമാണ്. കോളെജ് മാനേജ്മെന്‍റ് പ്രതിനിധികൾ, അധ്യാപകർ, ജീവനക്കാർ, വിദ്യാർഥികൾ, ക്ഷണിക്കപ്പെട്ട അതിഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.