ചേരാനല്ലൂർ അപകടം: ജാമ്യം നൽകിയതിൽ ആഭ്യന്തര മന്ത്രിക്ക് അതൃപ്തി, 17 കാരനെതിരേ നരഹത്യ കുറ്റം ചുമത്തി
കൊച്ചി: ലൈസൻസില്ലാതെ കാർ ഓടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍റെ (55) മരണത്തിനിടയാക്കിയ പതിനേഴുകാരനെതിരേ നരഹത്യ കുറ്റം ചുമത്തി. സ്റ്റേഷൻ ജാമ്യം കൊടുത്ത് പ്രതിയെ വിട്ടയച്ചതിനു പിന്നാലെ ആഭ്യന്തര മന്ത്രി ഡിജിപിയെയും സിറ്റി പൊലീസ് കമ്മിഷണറെയും വിളിച്ച് അതൃപ്തി അറിയിച്ചു. ഇതോടെ, നരഹത്യാകുറ്റം ചുമത്തിയത്.
പൊതുനിരത്തിൽ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയിലോ പരുക്കേൽക്കുന്ന രീതിയിലോ അശ്രദ്ധമായി വാഹനം ഓടിച്ചാൽ ചുമത്തുന്ന ബിഎൻഎസ് 281, കൊല്ലണമെന്ന ഉദ്ദേശ്യമില്ലാതെ, ഒരാളുടെ അശ്രദ്ധ കാരണം മറ്റൊരു വ്യക്തി മരിക്കുകയാണെങ്കിൽ ബിഎൻഎസ് 106 (1) എന്നിവ പ്രകാരമാണ് കേസ്.
ചേരാനല്ലൂരില്‍ 17കാരന്‍ ഓടിച്ച കാറിടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണനാണ് മരിച്ചത്. ഇരിങ്ങാലക്കുട അഡിഷണൽ ജഡ്ജിയുടെ മകനാണ് പ്രതി. രാത്രി 2 മണിയോടെയായിരുന്നു അപകടം. ജോലി കഴിഞ്ഞ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജയബാലകൃഷ്ണന്‍. നാട്ടുകാര്‍ എത്തി ജയപാലകൃഷ്ണനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.