പഞ്ചായത്ത് മെംബറെ കുളത്തിൽ തള്ളിയിട്ട് എംഎൽഎ; മനസ് നിറഞ്ഞുവെന്ന് പോസ്റ്റ്|Video
മലപ്പുറം: കുളം ഉദ്ഘാടനം ചെയ്തതിനു പിന്നാലെ പഞ്ചായത്തെ മെംബറെ കുളത്തിലേക്ക് തള്ളിയിട്ട് മഞ്ഞളാംകുഴി അലി എംഎൽഎ. അങ്ങാടിപ്പുറം പഞ്ചായത്തിലെ പീച്ചാണിപ്പറമ്പ് തിരുത്തിൽ കുളത്തിന്‍റെ ഉദ്ഘാടനത്തിനിടെയാണ് രസകരമായ സംഭവങ്ങൾ അരങ്ങേറിയത്. ഉദ്ഘാടനത്തിനു പിന്നാലെ പഞ്ചായത്ത് അംഗം ഷബീർ മാഞ്ഞാമ്പ്രയെ എംഎൽഎ ചിരിച്ചു കൊണ്ട് കുളത്തിലേക്ക് തള്ളിയിടുകയായിരുന്നു. ചിരിയോടെ കുളത്തിൽ നിന്ന് കയറിയ മെംബർ ഒപ്പമുണ്ടായിരുന്ന പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് നജ്മയെയും വെള്ളത്തിലേക്ക് തള്ളിയിട്ടതോടെ ഉദ്ഘാടന ചടങ്ങിൽ ചിരി നിറഞ്ഞു.
ഞായറാഴ്ച നടന്ന ഉദ്ഘാടനത്തെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പാണ് എംഎൽഎ സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചിരിക്കുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം-
ജനപ്രതിനിധികളോടൊപ്പം എപ്പോഴും ഒരു സഹോദരനെപ്പോലെയാണ് ഉണ്ടാകാറുള്ളത്. അവരെ ചേർത്തുപിടിക്കും, ചിലപ്പോൾ സ്നേഹത്തോടെ വഴക്കുപറയും, വേണ്ടപ്പോൾ ഉപദേശിക്കും, പരസ്പരം ആശയങ്ങളും വിശേഷങ്ങളും പങ്കുവെക്കും.ഇന്നലെ അങ്ങാടിപ്പുറം പഞ്ചായത്തിലെ പീച്ചാണിപ്പറമ്പ് തിരുത്തിൽകുളം ഉദ്ഘാടന ചടങ്ങും അതിനാലൊക്കെത്തന്നെ ഏറെ വ്യത്യസ്തവും മനസ്സ് നിറയ്ക്കുന്നതുമായ ഒരു അനുഭവമായിരുന്നു.
പ്രദേശവാസികൾക്ക് ഏറെ ഉപകാരപ്രദമാകുന്ന രീതിയിൽ പുനരുദ്ധരിച്ച ഈ കുളം നാടിനായി സമർപ്പിക്കാൻ സാധിച്ചതിൽ വലിയ സന്തോഷം. നാടിന്റെ വികസനത്തിനായി ഒത്തൊരുമയോടെ കൈകോർക്കുന്ന എല്ലാ ജനപ്രതിനിധികൾക്കും നാട്ടുകാർക്കും ഹൃദയം നിറഞ്ഞ ആശംസകൾ...