സന്ദീപ് വാര്യർ 
Kerala

സന്ദീപ് വാര്യർ എംഎൽഎയുടെ കാർ അപകടത്തിൽപ്പെട്ടു; പരുക്കേൽക്കാതെ രക്ഷപ്പെട്ട് എംഎൽഎ

ടയർ പൊട്ടിയതോടെ ഡ്രൈവർക്ക് കാറിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയും വാഹനം റോഡരികിലെ മതിലിലിടിക്കുകയുമായിരുന്നു

Sarath Nath MS

മലപ്പുറം: ടയർ പൊട്ടിയതിനെ തുടർന്ന് സന്ദീപ് വാര്യർ എംഎൽഎയുടെ കാർ റോഡരികിലെ മതിലിൽ ഇടിച്ചു. അപകടത്തിൽ സന്ദീപ് വാര്യർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ശനിയാഴ്ച പുലർച്ചെ രണ്ടോടെ മലപ്പുറം കോഴിച്ചേനയിൽ ദേശീയപാത 66ലായിരുന്നു സംഭവം.

കാസർകോട് ജില്ലയിലെ തൃക്കരിപ്പൂരിലുള്ള സ്വന്തം മണ്ഡലത്തിൽ നിന്ന് മലപ്പുറം ചാത്തല്ലൂരിലേക്ക് സന്ദീപ് വാര്യരും സഹായികളും സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായത്. ടയർ പൊട്ടിയതോടെ ഡ്രൈവർക്ക് കാറിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയും വാഹനം റോഡരികിലെ മതിലിലിടിക്കുകയുമായിരുന്നു. എംഎൽഎയുടെ കാറിന് പിന്നിൽ വന്ന മറ്റൊരു കാർ മൂന്നാമതൊരു വാഹനവുമായി കൂട്ടിയിടിച്ചതായും പൊലീസ് പറഞ്ഞു.

മൂന്ന് കാറുകളിലുമുണ്ടായിരുന്ന എംഎൽഎ ഉൾപ്പെടെയുള്ള യാത്രക്കാരെല്ലാം പരുക്കേൽക്കാതെ രക്ഷപ്പെട്ടു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് അപകടത്തിൽ തകർന്ന വാഹനം റോഡിൽ നിന്ന് നീക്കി.