സണ്ണി ജോസഫ്, എം.എം. മണി
തൊടുപുഴ: സംസ്ഥാനം കടുത്ത വൈദ്യുത പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനിടെ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് രാജിവയ്ക്കണമെന്ന് സിപിഎം നേതാവ് എം.എം. മണി. യുഡിഎഫിൽ മറ്റാരെയെങ്കിലും വകുപ്പ് ഏൽപ്പിക്കണം. ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ കാര്യങ്ങൾ കൈകാര്യം ചെയ്യണമെന്നും മുൻ വൈദ്യുതി മന്ത്രി കൂടിയായ മണി പറഞ്ഞു.
എത്ര വലിയ മഴ പെയ്താലും 40 ശതമാനം വൈദ്യുതിയേ ഇവിടെ ഉൽപാദിപ്പിക്കാൻ കഴിയൂ. 60 ശതമാനം പുറത്തുനിന്നാണ് വാങ്ങിക്കുന്നത്. അതെല്ലാം മുൻകൂട്ടി കാണണം എന്നാണ് മണി പറയുന്നത്. എൽഡിഎഫിന് ഭരണത്തിൽ കൃത്യമായ കാഴ്ചപ്പാടുണ്ടായിരുന്നു. മുഖ്യമന്ത്രിക്കും കാഴ്ചപ്പാടുണ്ടായിരുന്നു. ചെറിയൊരു പങ്ക് വൈദ്യുതി മന്ത്രിയെന്ന നിലയിൽ ഞാനും വഹിച്ചിട്ടുണ്ട്. ജനങ്ങളെ സഹായിക്കാൻ സർക്കാരിനു കഴിയണം. അത് ഏതു വകുപ്പിലായാലും അങ്ങനെ വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.