എം.എം. മണി
നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റ വമ്പൻ തിരിച്ചടിയിൽ പ്രതികരണവുമായി സിപിഎമ്മിന്‍റെ മുതിർന്ന നേതാവ് എം.എം. മണി. കോൺഗ്രസിന് വോട്ട് ചെയ്തവർ വിഡ്ഢികളാണ് എന്നാണ് മണി പറഞ്ഞത്. ഒരു തെരഞ്ഞെടുപ്പിൽ തോറ്റെന്നു കരുതി ആരും തങ്ങളെ വിലയിരുത്തേണ്ടെന്നും മുണ്ടും മടക്കിക്കുത്തിയിറങ്ങി ഇനിയും പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ കാരണം പാർട്ടി പരിശോധിക്കുമെന്നാണ് മണി കൂട്ടിച്ചേർത്തു. ‘‘തെരഞ്ഞെടുപ്പിനെ മാത്രം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന പാർട്ടിയല്ലിത്. നിരവധി പ്രവർത്തനങ്ങളിൽ ഒരെണ്ണം മാത്രമാണു തെരഞ്ഞെടുപ്പ്. ഉണ്ടായതു ഭരണവിരുദ്ധ വികാരമാണോയെന്നു വിലയിരുത്താതെ പറയാൻ കഴിയില്ല. സംസ്ഥാനതലത്തിൽ ഉണ്ടായ തിരിച്ചടിയുടെ ഭാഗമാണ് ഇടുക്കി ജില്ലയിലും ഉണ്ടായത്. ഒന്നുകിൽ ജനങ്ങൾ തെറ്റിദ്ധരിച്ചു. ജനങ്ങൾ ചിന്തിക്കുന്നതിൽ എന്തെങ്കിലും അടിസ്ഥാനമുണ്ടോയെന്ന് ഞങ്ങൾ പരിശോധിക്കും. ഞങ്ങളല്ലാതെ പിന്നെ വേറെയാരാണ് ജനങ്ങൾക്ക് വേണ്ടി ശബ്ദിക്കാനുള്ളത്."- മണി പറഞ്ഞു.
ഒരു തെരഞ്ഞെടുപ്പിൽ തോറ്റതിനെ അടിസ്ഥാനമാക്കി ആരും ഞങ്ങളെ വിലയിരുത്തേണ്ട. മുണ്ടും മടക്കിക്കുത്തി ഇറങ്ങി പ്രവർത്തിക്കും. കോൺഗ്രസിന് വോട്ട് ചെയ്ത ആളുകൾ വിഡ്ഢികളാണ്. വോട്ട് പെട്ടിക്കകത്ത് ആകുന്നതിന് മുമ്പേ മുഖ്യമന്ത്രി ചർച്ച തുടങ്ങിയ ഒരു പാർട്ടിയെ കുറിച്ച് എന്ത് പറയനാണെന്നും മണി കൂട്ടിച്ചേർത്തു.