കെ.എം. ഷാജി, കാരശേരി
മന്ത്രി കെ.എൻ. ഷാജിക്കെതിരേ രൂക്ഷ വിമർശനവുമായി എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ എം.എൻ. കാരശേരി. കെ.എം. ഷാജി നടത്തിയ, 'മതമാണ് മതമാണ് മതമാണ് പ്രശ്നം' എന്ന പരാമർശത്തെ വിമർശിച്ചുകൊണ്ടാണ് കാരശേരി വിഡിയോ പോസ്റ്റ് ചെയ്തത്.
ജനാധിപത്യത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും പ്രധാന ലക്ഷ്യം മതമായിരിക്കാൻ പാടില്ല. അങ്ങേയറ്റം അപലപനീയമായ ആ പ്രയോഗം അദ്ദേഹം പിൻവലിക്കേണ്ടതായിരുന്നു. മന്ത്രിയായതിനു ശേഷം അദ്ദേഹം നടത്തുന്ന പ്രയോഗം ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നതാണെന്നും കാരശേരി പറഞ്ഞു.
അദ്ദേഹം സുഹൃത്തിന്‍റെ ആഡംബര കാറിൽ യാത്ര ചെയ്തു. അതിന് ധാർമിക പ്രശ്നമുണ്ട്. മന്ത്രിക്ക് യാത്ര ചെയ്യാൻ സർക്കാർ കാറുണ്ട്. അതിൽ പോയാൽ മതി. പണക്കാരും സുഹൃത്തുക്കളുമായ മുതലാളിമാരുടെ സൗജന്യങ്ങൾ പറ്റാൻ പാടില്ല. എന്‍റെ മന്ത്രി വേറൊരുത്തന്‍റെ ഓശാരത്തിന് പോകാൻ പാടില്ലെന്ന് പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ഇത്തരം സൗകര്യങ്ങളൊക്കെ വെറുതെ കിട്ടുമെന്ന് തോന്നുന്നില്ല- കാരശേരി പറഞ്ഞു.
മന്ത്രിസ്ഥാനം കിട്ടിയപ്പോൾ തലയ്ക്ക് ഓളം പിടിച്ച വർത്തമാനം പറയാൻ പാടില്ല. ജനങ്ങളെ വെല്ലുവിളിക്കുന്ന വർത്തമാനം പറയരുത്. ജനങ്ങളെ വെല്ലുവിളിക്കുന്ന മട്ടിൽ സമുദായ അന്തരീക്ഷം തകർക്കുന്ന മട്ടിൽ ആളുകളുടെ അന്തസ് തകർക്കുന്ന മട്ടിൽ പെരുമാറരുത്. ഇത് എന്‍റെ അപേക്ഷയാണ്- കാരശേരി പറഞ്ഞു.