Muhammad Riyas file
Kerala

ലാത്തിയും കുന്തവും കാട്ടി പേടിപ്പിച്ചാൽ മാനാഞ്ചിറ മൈതാനത്തെ പുല്ലാണ്; ജ്ഞാനേഷ് കുമാറിന്‍റെ രാജി ജനാധിപത്യ വിശ്വാസികളുടെ ആവശ്യമെന്ന് റിയാസ്

അടിയന്തരാവസ്ഥയുടെ തീച്ചൂളയിലൂടെ നടന്നവരാണ് എം.എ ബേബിയും പിണറായി വിജയനുമെന്നും അവരെ പേടിപ്പിക്കാനാവില്ലെന്നും റിയാസ് പറഞ്ഞു

Namitha Mohanan

കോഴിക്കോട്: ഡൽഹിയിൽ സിജെപി പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിക്കാനെത്തിയ ഇടത് നേതാക്കളെ കസ്റ്റഡിയിലെടുത്തതിൽ പ്രതികരിച്ച് മുഹമ്മദ് റിയാസ് എംഎൽഎ. അടിയന്തരാവസ്ഥയുടെ തീച്ചൂളയിലൂടെ നടന്നവരാണ് എം.എ ബേബിയും പിണറായി വിജയനുമെന്നും ലാത്തിയും കുന്തവും കാട്ടി പേടിപ്പിച്ചാൽ മാനാഞ്ചിറ മൈതാനത്തെ പുല്ലാണെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു.

രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും ഇന്ത്യയുടെ മുക്കും മൂലയും ജന്തർമന്തറായി മാറുമെന്നും അദ്ദേഹം പറഞ്ഞു. ജ്ഞാനേഷ് കുമാറിനെ പുറത്താക്കണമെന്നത് ജനാധിപത്യ വിശ്വാസികളുടെ ആവശ്യമാണെന്നും റിയാസ് കോഴിക്കോട്ട് പ്രതികരിച്ചിരുന്നു.

കസ്റ്റഡിയിലെടുത്ത ഇടതു നേതാക്കളെ കഴിഞ്ഞ 3 മണിക്കൂറായി കരുതൽ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്. നഗരം ചുറ്റിച്ച് ആദ്യം ഛത്രസാൽ സ്റ്റേഡിയത്തിലെ കരുതൽ തടങ്കൽ കേന്ദ്രത്തിൽ എത്തിച്ചു. തുടർന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുകയാണെന്നും എവിടേക്കെന്ന് അറിയിച്ചിട്ടില്ലെന്നും നേതാക്കൾ പറയുന്നു. പിണറായിയുടെ ആരോഗ്യപ്രശ്‌നങ്ങൾ അറിയിച്ചിട്ടും പൊലീസ് മുഖവിലക്കെടുക്കുന്നില്ലെന്ന് ജോൺ ബ്രിട്ടാസ് എംപിയും പ്രതികരിച്ചിരുന്നു.